മാഞ്ചസ്ററില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ദേവാലയം
Sunday, November 23, 2014 6:08 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററില്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സ്വന്തമായി ദേവാലയം വാങ്ങി. മാഞ്ചസ്ററിലെ ബോള്‍ട്ടണില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ പള്ളിയായിരുന്ന സെന്റ് മാത്യൂസ് ആന്‍ഡ് സെന്റ് ബര്‍ണബാസ് പള്ളിയാണ് വാങ്ങിയത്.

2004ല്‍ മാഞ്ചസ്ററിലും പരിസരപ്രദേശത്തുമുള്ള ഓര്‍ത്തഡോക്സ് വിശ്വാസികളെ സംഘടിപ്പിച്ച് ഫാ. ഹാപ്പി ജേക്കബിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന ഗ്രൂപ്പ് ആരംഭിച്ചു. 2004 നവംബറില്‍ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ നടത്തിയ ആദ്യകുര്‍ബാനയോടുകൂടി മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ രൂപീകൃതമായി. 2006ല്‍ ഭദ്രാസന മെത്രാപോലീത്ത ആയിരുന്ന ഡോ. തോമസ് മാര്‍ മക്കാറിയോസ് മാഞ്ചസ്ററില്‍ എത്തുകയും കോണ്‍ഗ്രിഗേഷന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഇടവകയായി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ പത്തുവര്‍ഷമായി ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ഫാ. ഹാപ്പി ജേക്കബിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് സ്വന്തമായി ഒരു ദേവാലയം എന്ന ആശയം വിജയത്തില്‍ എത്തിയത്.

മാഞ്ചസ്ററില്‍ സ്വന്തമായി ദേവാലയം വാങ്ങിയതില്‍ സഹകരിച്ച ഇടവകാംഗങ്ങളേയും ഇതിന് നേതൃത്വം നല്‍കിയ വികാരി ഫാ. ഹാപ്പി ജേക്കബിനേയും ഇടവക മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അഭിനന്ദിച്ചു.