ഐസിസി വിയന്നയുടെ എക്യുമെനിക്കല്‍ കരോള്‍ മത്സരം ഡിസംബര്‍ 14 ന്
Thursday, November 20, 2014 10:16 AM IST
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി വിയന്നയിലെ വിവിധ ക്രൈസ്തവ സഭകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ മത്സരം ഡിസംബര്‍ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മരിയ ലൂര്‍ദ്സ് ദേവാലയത്തില്‍ നടക്കും.

വിയന്നയിലെ മലയാളി ക്രൈസ്തവരുടെ പ്രാര്‍ഥനാകൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും മനോഹരമായ ക്രിസ്മസ് കാലം അനുസ്മരിക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ നിരവധി ഗ്രൂപ്പുകള്‍ പങ്കെടുക്കും.

മത്സരങ്ങള്‍ മൂന്ന് ഇനങ്ങളായി നടത്തുന്നത്. ഗാനാലാപനം മാത്രം നടത്തുന്നതും, ഗാനാലാപനത്തോടൊപ്പം ഉപകരണസംഗീതം, അഭിനയം എന്നിവ കൂടിയുള്ളതും ഉണ്ടാകും. റെക്കോര്‍ഡ് ചെയ്ത ഉപകരണ സംഗീതം അനുവദനീയമാണ്. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത ഹമ്മിംഗ് അനുവദനീയമല്ല.

ഓരോ ടീമിലും മിനിമം അഞ്ച് വ്യക്തികളെങ്കിലും ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. മലയാളത്തിലുള്ള ക്രിസ്മസ് പാട്ടുകളോ ക്രിസ്തീയ ഗാനങ്ങളോ പാടാവുന്നതാണ്. എന്നാല്‍ ഒരു ടീമിന് ഒരു പാട്ട് മാത്രമാണ് പാടാന്‍ അനുവാദമുള്ളത്. അതുപോലെ ഒരു വ്യക്തി ഒരു പ്രാവശ്യം മാത്രമെ ഏതെങ്കിലും ടീമില്‍ പാടുകയോ അഭിനയിക്കുകയോ ഉപകരണം വായിക്കുകയോ ചെയ്യാവു.

ജൂണിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ ഉണ്ട്. ജൂണിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് അഭിനയിക്കാന്‍മാത്രം സീനിയേഴ്സ് വിഭാഗത്തില്‍ ചേരാവുന്നതാണ്. എന്നാല്‍, പാടാനോ ഉപകരണം വായിക്കാനോ പാടില്ല. സീനിയേഴ്സ് ഒരു വിഭാഗത്തിലും ജൂണിയേഴ്സിന്റെ ടീമില്‍ ചേരാന്‍ പാടില്ല. ശ്രുതി, താളം, സ്വരലയം, വാക്കുകളുടെ വ്യക്തത, അവതരണ മികവ് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്.

വിശദാംശങ്ങള്‍ക്ക്: ഐസിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് (ഞായര്‍) മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക്: 06991 19 66 77 1, 01 817 42 06.

റിപ്പോര്‍ട്ട്: ജോബി ആന്റണി