അക്രമികളുടെ അടിയേറ്റ് മുന്‍ ജര്‍മന്‍ മലയാളി തൃശൂരില്‍ മരിച്ചു
Thursday, November 20, 2014 10:11 AM IST
ബര്‍ലിന്‍: മുന്‍ജര്‍മന്‍ മലയാളി തൃശൂരില്‍ കവര്‍ച്ചക്കാരുടെ അക്രമണത്തില്‍ മരിച്ചു. തൃശൂര്‍ കണിമംഗലം ഓവര്‍ബ്രിഡ്ജിനു സമീപം താമസിക്കുന്ന കൈതക്കോടന്‍ വീട്ടില്‍ വിന്‍സന്റ് (67) എന്ന മുന്‍ ജര്‍മന്‍ മലയാളിയാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പതോടെ നടന്ന കവര്‍ച്ചാശ്രമത്തിനിടെ അക്രമണത്തില്‍ പരിക്കേറ്റ വിന്‍സന്റിനെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് മരണം സംഭവിച്ചത്. നെഞ്ചിനേറ്റ ആഘാതമാണ് മരണകാരണം എന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊളോണില്‍ താമസിക്കുന്ന ജോണി, ജോസ് അരീക്കാടന്‍ സഹോദരങ്ങളുടെ ബന്ധുവാണ് വിന്‍സന്റ്.

സംഭവത്തില്‍ ജര്‍മന്‍ മലയാളികള്‍ ഞടുക്കവും വേദനയും രേഖപ്പെടുത്തി.

പുറത്തുപോയിരുന്ന വിന്‍സന്റും ഭാര്യ ലില്ലിയും തിരിച്ചു വീട്ടില്‍ വന്ന് വസ്ത്രം മാറുന്നതിനിടെയാണ് അപ്രതീക്ഷിതമായ അക്രമം ഉണ്ടായത്. മുഖംമൂടിയും കൈകളില്‍ ഗ്ളൌസും ധരിച്ച് വീട്ടിനുള്ളിലേയ്ക്കു അതിക്രമിച്ചു കയറിയ ദമ്പതികളെ നാലംഗസംഘം അക്രമിച്ചു കീഴ്പ്പെടുത്തുകയും കൈകളും കണ്ണും വായും മൂടി കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവരുകയുയായിരുന്നു. ഇതിനെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിന്‍സന്റിന് പരിക്കേറ്റത്. തങ്ങളെ അക്രമിക്കരുതെന്നു കരഞ്ഞപേക്ഷിച്ചെങ്കിലും നാല്‍വര്‍സംഘം ഇതൊന്നും ചെവിക്കൊള്ളാതെ എത്രയും പെട്ടെന്ന് കവര്‍ച്ചാമുതലുമായി കടക്കുകയായിരുന്നു.

ലില്ലിയുടെ കൈകളില്‍ കിടന്ന വളകള്‍ ഊരാന്‍ ശ്രമിക്കാതെ വളകള്‍ കട്ടിംഗ്പ്ളെയര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. 10 പവനും പെന്‍ഷന്‍ തുകയായി ലഭിച്ച 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്.

ജര്‍മനിയിലെ കോബ്ളെന്‍സില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന വിന്‍സന്റ് പെന്‍ഷന്‍ പറ്റിയശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ ലില്ലി ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളിലെ മുന്‍ഹെഡ്മിസ്ട്രസാണ്. ലില്ലിയും കുറെക്കാലം ജര്‍മനിയില്‍ ഉണ്ടായിരുന്നു. ഇവരുടെ മൂന്നുമക്കള്‍ തിരുവന്തപുരം, കോയമ്പത്തൂര്‍, അമേരിക്ക എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

തസ്കരന്മാര്‍ പോയിക്കഴിഞ്ഞ് കൈയിലെ കെട്ട് അയഞ്ഞതിനെ തുടര്‍ന്ന് വീടിനു പുറത്തുവന്ന ലില്ലി ബഹളം വച്ചാണ് സമീപവാസികളെ വിവരമറിയിച്ചതും വിന്‍സന്റിനെ ആശുപത്രിയില്‍ എത്തിച്ചതും.

സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വെസ്റ് സിഐ, നെടുപുഴ എസ്ഐ ശെല്‍വരാജ്, ഷാഡോ പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം രാത്രിതന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ദര്‍ തുടങ്ങിയവരും സംഭവസ്ഥലം പരിശോധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍