ലോകകപ്പ് വേദിക്ക് കോഴ: ആരോപണം തെറ്റെന്ന് വെളിപ്പെടുത്തല്‍
Thursday, November 13, 2014 10:09 AM IST
ബര്‍ലിന്‍: 2022 ലെ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം ഉറപ്പിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണം തെറ്റെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി മിഷായേല്‍ ഗ്രാസിയ എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്തു വന്നു.

42 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. റഷ്യയും(2018) ഖത്തറും (2022) കോഴക്കേസിലോ മറ്റാരോപണങ്ങളിലോ ഉള്‍പ്പെടുന്നില്ല എന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് അഡ്വ. മിഷായേല്‍ ഗ്രാസിയ വെളിപ്പെടുത്തി. കോഴ ആരോപണത്തിലൂടെ ഫിഫായുടെ ക്ളീന്‍ ഇമേജിന് കളങ്കം വന്നതായി ഇംഗ്ളീഷ് ഫുട്ബോള്‍ അസോസിയേഷനും രംഗത്തു വന്നിരുന്നു. ഫിഫായുടെ എത്തിക് തീര്‍പ്പുകമ്മറ്റി ചെയര്‍മാനും ജര്‍മന്‍ ജഡ്ജിയുമായ ഹാന്‍സ് ജോവാഹിം എക്കാര്‍ട്ടിന്റെ മുന്‍ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഫിഫ അധികൃതര്‍ക്ക് മൂന്നു മില്യന്‍ ഡോളറോളം കോഴ കൊടുത്താണ് ഖത്തര്‍ ആതിഥേയത്വം സ്വന്തമാക്കിയതെന്നായിരുന്നു ആരോപണം. എന്നാല്‍, ഫിഫ തന്നെ നടത്തിയ അന്വേഷണത്തില്‍ ഇതിനു തെളിവു കിട്ടിയില്ലത്രെ.

ഓസ്ട്രേലിയ, യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെ മറികടന്നാണ് 2010ല്‍ ഖത്തര്‍ 2022ലെ ലോകകപ്പ് നടത്തിപ്പിന് അര്‍ഹത നേടിയത്. ഇതിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, 2018ലെ ലോകകപ്പ് വേദിക്ക് റഷ്യ അവകാശം സ്ഥാപിച്ചതും സംശയത്തിന്റെ നിഴലിലായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍