ബെക്കാമിന്റെ മകന്‍ ആഴ്സണലുമായി കരാര്‍ ഒപ്പിട്ടു
Tuesday, November 11, 2014 8:58 AM IST
ബര്‍ലിന്‍: ഇംഗ്ളീഷ് ഫുട്ബോളിലെ സൂപ്പര്‍ താരമായിരുന്ന ഡേവിഡ് ബെക്കാമിന്റെ മകന്‍ ബ്രൂക്ക്ലിന്‍ ബെക്കാം ആഴ്സണലുമായി അക്കാഡമി കരാര്‍ ഒപ്പുവച്ചെന്ന് സൂചന. ചെല്‍സിയില്‍ നിന്നും മാഞ്ചസ്റര്‍ യുണൈറ്റഡില്‍നിന്നുമുള്ള ഓഫറുകള്‍ നിരസിച്ചാണ് പതിനഞ്ചുകാരനായ ബ്രൂക്ക്ലിന്‍ ആഴ്സണലിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

ബെക്കാമിന്റെ മൂത്ത മകനായ ബ്രൂക്ക്ലിന്‍ കുറച്ചു കാലമായി ആഴ്സണലിലൊപ്പം പരിശീലനം നടത്തുകയും അവരുടെ അണ്ടര്‍-16 ടീമില്‍ കളിക്കുകയും ചെയ്യുന്നു.

ചെല്‍സി, മാഞ്ചസ്റര്‍ യുണൈറ്റഡ്, ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സ്, ഫുള്‍ഹാം എന്നിവിടങ്ങളില്‍ ബ്രൂക്ക്ലിന്‍ ട്രയല്‍സിനെത്തിയിരുന്നു. ഇപ്പോള്‍ ആഴ്സണലുമായി ഹ്രസ്വകാല കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഈ സമയത്ത് മികച്ച പ്രകടനം നടത്തിയാല്‍ പ്രഫഷണല്‍ കരാര്‍ നല്‍കിയേക്കും.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലും ദേശീയ ഫുട്ബോള്‍ ടീമിലും കളിക്കാന്‍ പ്രതിഭയുള്ള ഫുട്ബോളറായാണ് ബ്രൂക്ക്ലിന്‍ ഇപ്പോള്‍ തന്നെ വിലയിരുത്തപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍