ബ്രിട്ടനിലും മലയാളികള്‍ കേരളത്തനിമ കാത്തുസൂക്ഷിക്കുന്നത് അഭിനന്ദനീയം: ആന്റോ ആന്റണി എംപി
Saturday, November 8, 2014 8:14 PM IST
ലെസ്റര്‍: ബ്രിട്ടനിലും മലയാളികള്‍ കേരളത്തനിമയും സംസ്കാരവും കാത്തു സൂക്ഷിക്കുന്നത് അഭിനന്ദനീയമാണെന്ന് ആന്റോ ആന്റണി എംപി. ബ്രിട്ടനിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നാഷണല്‍ കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ശ്രേഷ്ഠ ഭാഷയായ മലയാളത്തിന്റെ പഠനത്തിനും ഉന്നമനത്തിനും പ്രവാസി മലയാളികള്‍ ചെയ്യുന്ന സേവനം നിസ്തുലങ്ങളാണ്. കഠിനാധ്വാനത്തിലൂടെ ജീവിതം നയിക്കുമ്പോഴും നാടിന്റെ നന്മയും പുരോഗതിയും മനസില്‍ കൊണ്ട് നടക്കുന്നവരാണ് പ്രവാസി മലയാളികള്‍, നാട്ടില്‍ ഉണ്ടാകുന്ന ചെറിയ അപചയങ്ങള്‍ പോലും നാട്ടിലുള്ളതിനെക്കാള്‍ വേദനയോടെയാണ് പ്രവാസി മലയാളി സമൂഹം കാണുന്നത്. നാടിന്റെ പൈതൃകവും സംസ്കാരവും തങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ബ്രിട്ടനിലെ മലയാളി പുതു തലമുറയില്‍പെട്ട അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് യുക്മ നടത്തുന്ന കലാമേള ഏറെ പ്രശംസനീയമാണെന്നും ആന്റോ ആന്റണി പറഞ്ഞു.

യുക്മ പ്രസിഡന്റ് വിജി കെ.പി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലെസ്റര്‍ മേയര്‍ പീറ്റര്‍, സിനിമ നിര്‍മാതാവ് ജോയ് തോമസ്, യുക്മ സെക്രട്ടറി ബിന്‍സു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍