ജര്‍മനിയിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ സമരം ശനിയാഴ്ച നിര്‍ത്തും
Saturday, November 8, 2014 9:58 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ നടത്തിവരുന്ന സമരം ഉദ്ദേശിച്ചതിലും 34 മണിക്കൂര്‍ നേരത്തെ അവസാനിപ്പിക്കും. നാലു ദിവസം നീളുന്ന സമരം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവസാനിക്കേണ്ടിയിരുന്നത്. അതിനു പകരം ശനിയാഴ്ച വൈകിട്ട് അവസാനിപ്പിക്കാനാണ് തീരുമാനം.

സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡോയ്റ്റ്ഷെബാന്‍ നല്‍കിയ ഹര്‍ജി ലേബര്‍ കോടതി രണ്ടാം വട്ടവും തള്ളിയതിനു പിന്നാലെയാണ് യൂണിയനുകളുടെ തീരുമാനം. ഒത്തുതീര്‍പ്പിനു തയാറാണെന്ന സൂചന നല്‍കാനാണ് നേരത്തേ സമരം നിര്‍ത്തുന്നതെന്നും നേതാക്കള്‍ വെളിപ്പെടുത്തി.

പൂര്‍ണമായും നിയമവിധേയമായിത്തന്നെയാണ് സമരം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും നിരോധിക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. എങ്കിലും സമരനേതാക്കളുടെ മനം മാറ്റത്തില്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് മറിച്ചൊരു തീരുമാനമില്ലെന്നും അറിയിച്ചു. ഇതനുസരിച്ച് 98 മണിക്കൂര്‍ നേരം പ്രഖ്യാപിച്ചിരുന്ന സമരം നവംബര്‍ എട്ടിന് (ശനി) വൈകിട്ട് ആറിന് അവസാനിക്കും. ഇത്തരമൊരു വാര്‍ത്ത ജര്‍മനിയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വസിക്കാന്‍ ഇടനല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍