വിയന്നയിലെ സീബന്‍ഹിര്‍ട്ടന്‍ മലയാളികളുടെ യൂത്ത് ക്യാമ്പ് സമാപിച്ചു
Wednesday, October 29, 2014 8:08 AM IST
വിയന്ന: സീബന്‍ഹിര്‍ട്ടന്‍ മലയാളികള്‍ സംഘടിപ്പിച്ച യൂത്ത് ക്യാമ്പിന് വിജയകരമായ സമാപനം. ഫാ. ജോയല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 10 വയസിനും 20 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഏറെ രസകരവും വിജ്ഞാനപ്രദവുമായിരുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

രണ്ടാം തലമുറയിലെ കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പില്‍ ഏകദേശം അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. 10 മുതല്‍ 14 വയസുവരെയും 15 മുതല്‍ 20 വയസുവരെയും പ്രായമുള്ളവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് വര്‍ക്ഷോപ്പ് സംഘടിപ്പിച്ചത്.

പ്രാര്‍ഥനാശംസകളോടെ ആരംഭിച്ച പരിപാടിയില്‍ ബാബു കുടിയിരിക്കല്‍ സ്വാഗതം ആശംസിച്ചു. ഫാ, ജോയല്‍ പ്രാര്‍ഥനയെക്കുറിച്ച് ക്ളാസുകള്‍ നയിച്ചു. ഡോ. ബേസില്‍ പ്രഥമശുശ്രൂഷ, ഡ്രഗ്സ് എന്നിവയെപ്പറ്റിയും, ഇംഗ്ളീഷ് ഭാഷയുടെ ഉപയോഗത്തെയും പഠനത്തെപ്പറ്റിയും ഡെന്നിസ് ചിറയത്തും സ്വപ്നങ്ങള്‍ കാണുന്നതിനെയും അത് ജീവിതത്തില്‍ സാക്ഷാത്കരിക്കുന്നതിനെക്കുറിച്ചും മാത്യൂസ് ചെറിയന്‍കാലയിലും ക്ളാസുകള്‍ നയിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഷോജി വെളിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. റാഫി ഇല്ലിക്കല്‍ നന്ദി അറിയിച്ചു.

കൂട്ടായ്മയിലെ അംഗങ്ങളായ ഷോജി ബീന വെളിയത്ത്, ബാബു ബീന കുടിയിരിക്കല്‍, ജോസ് ലില്ലികുട്ടി പെരുമ്പ്രാല്‍, റാഫി മേരി ഇല്ലിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി