സെന്റ് അല്‍ഫോന്‍സാ മിഷന്റെ അഞ്ചാമത് വാര്‍ഷികം വിയന്നയില്‍ ആഘോഷിച്ചു
Monday, October 27, 2014 7:03 AM IST
വിയന്ന: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സെന്റ് അല്‍ഫോന്‍സാ മിഷന്റെ അഞ്ചാമത് വാര്‍ഷികവും പൊതുയോഗവും ഒക്ടോബര്‍ 25 ന് (ശനി) സ്റാറ്റ് ലൌ ഇടവക ദേവാലയത്തില്‍ ആഘോഷിച്ചു.

ഫാ.തോമസ് വാടാതു മുകളേല്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് കൊച്ചുചിറ, ഫാ. ഡേവിസ് കളപ്പുരക്കല്‍, ഫാ. ഷൈജു പള്ളിച്ചാംകുടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സീറോ മലബാര്‍ ക്രമത്തില്‍ മലയാളത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

അല്‍ഫോന്‍സാ മിഷന്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള ശുഷ്രൂഷയാണന്നും വരും നാളുകളിലും ടി.ഒ.ആര്‍ സഭാ വൈദികര്‍ ഇതിനു നേതൃത്വം നല്‍കുമെന്നും പ്രസംഗങ്ങളല്ല മറിച്ച് എളിയവരില്‍ ഒരുവന് നീ ചെയ്യുന്നതാണ് ദൈവതിരുമുമ്പില്‍ വിലപ്പെട്ടതെന്നും അല്‍ഫോന്‍സാ മിഷന്‍ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. അതുപോലെ താന്‍ ഇവിടെ തുടങ്ങിവച്ച എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങളുടെ സഭാവൈദികര്‍ തുടര്‍ന്നുകൊണ്ടു പോകുവാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ആദ്ദേഹം ഓര്‍മിപ്പിച്ചു.

ഫാ. തോമസ് കൊച്ചുചിറ അല്‍ഫോന്‍സാമ്മയുടെ നോവേനക്കു കാര്‍മികത്വം വഹിച്ചു. ഫാ.ഷൈജു പള്ളിച്ചാംകുടിയില്‍ സുവിശേഷ പ്രസംഗവും ഫാ. ഡേവിസ് കളപ്പുരക്കല്‍ സ്നേഹവിരുന്ന് ആശിര്‍വദിക്കുകയും ചെയ്തു. കുര്‍ബാനക്കുശേഷം അഞ്ചാമത് വാര്‍ഷികപൊതുയോഗവും റിപ്പോര്‍ട്ട് അവതരണവും നടന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍