ഹണ്ടിംഗ്ടന്‍ മലയാളി കമ്യൂണിറ്റി യുക്മയില്‍ അംഗത്വമെടുത്തു
Friday, October 24, 2014 7:14 AM IST
ഹണ്ടിംഗ്ടന്‍: യുകെയിലെ കേംബ്രിഡ്ജിനടുത്ത് ഹണ്ടിംഗ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ആയ ഹണ്ടിംഗ്ടന്‍ മലയാളി കമ്യൂണിറ്റി യുക്മയില്‍ അംഗത്വമെടുത്തു. യുക്മയുടെ സാമൂഹികവും സാംസ്കാരികവും കലാപരവുമായ പ്രവര്‍ത്തനം മൂലമാണ് മറ്റൊരു അസോസിയേഷന്‍ കൂടി യുക്മയില്‍ ചേരാന്‍ തീരുമാനമെടുത്തത്.

ഹണ്ടിംഗ്ടന്‍ മലയാളി കമ്യൂണിറ്റിയെ യുക്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പിയും നാഷണല്‍ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണും അറിയിച്ചു.

യുക്മ ഈസ്റ് ആഗ്ളിയ റീജിയണ്‍ കമ്മിറ്റി ഹണ്ടിംഗ്ടന്‍ മലയാളി കമ്യൂണിറ്റിയെ അനുമോദിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തു. ഈസ്റ് ആംഗ്ളിയ റീജിയണ്‍ പ്രസിഡന്റ് ജയ്സണ്‍ ചാക്കോച്ചന്‍ ബൊക്ക നല്‍കി അവരെ സ്വീകരിച്ചു. ഹണ്ടിംഗ്ടന്‍ മലയാളി കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സജീവ് അയ്യപ്പനും സെക്രട്ടറി ജെനി ജോസും പങ്കെടുത്തു.

ഒക്ടോബര്‍ 26 ന് ക്യാന്‍വെ ഐലന്‍ഡില്‍ നടക്കുന്ന ഈസ്റ് ആംഗ്ളിയ റീജിയണല്‍ കലാമേളയില്‍ ഹണ്ടിംഗ്ടന്‍ മലയാളി കമ്യൂണിറ്റി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹണ്ടിംഗ്ടന്‍ മലയാളി കമ്യൂണിറ്റിയും ചേര്‍ന്നതോടെ ഈസ്റ് ആംഗ്ളിയ റീജിയണിലെ അസോസിയേഷനുകളുടെ എണ്ണം 15 ആയി ഉയര്‍ന്നു.