ഗോണ്‍സാലോ ഓസ്ട്രിയയില്‍ സംഹാര താണ്ഡവമാടി
Thursday, October 23, 2014 8:43 AM IST
വിയന്ന: ബുധനാഴ്ച അതിരാവിലെ വീശിയടിച്ച ഗോണ്‍സാലോ ഓസ്ട്രിയയെ വിറപ്പിച്ചു. ബുധനാഴ്ച അതിരാവിലെ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് ഗോണ്‍സാലോ സംഹാര താണ്ഡവമാടിയത്. ഓസ്ട്രിയയു
ടെ വിവിധ ഭാഗങ്ങളില്‍ അനവധി വീടുകളുടെ മേല്‍ക്കൂരകളും മരങ്ങളും ഗോണ്‍സാലോ പറത്തിക്കൊണ്ടുപോയി.

അന്തരീക്ഷ ഉഷ്മാവ് 25 ഡിഗ്രിയില്‍ നിന്ന് 7 ഡിഗ്രിയിലേക്ക് കുത്തനെ താഴുകയും ആകാശം മഴമേഘങ്ങളാല്‍ ഇരുളുകയും ചെയ്തു. ചൊവ്വ രാത്രി വൈകി ആരംഭിച്ച കനത്ത മഴയെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ 780 അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഗോണ്‍സാലോയ്ക്ക് പിന്നാലെ കനത്ത മഞ്ഞുവീഴ്ചയും കാലാവസ്ഥ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്റിറിയയില്‍ 50 മുതല്‍ 100 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. വിയന്നയിലും നീധര്‍ ഓസ്ട്രിയയിലും മലമ്പ്രദേശങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നൂറു സെന്റി മീറ്റര്‍ മഞ്ഞുപെയ്യും.

ദേശീയ പാത എ 12, എ 2 എന്നിവയില്‍ മരങ്ങള്‍ മറിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. മരം വീണതിനെ തുടര്‍ന്ന് ഫെല്‍ഡ് കിര്‍ഹിനും കാരിന്തിയ്ക്കുമിടയില്‍ റെയില്‍ ഗതാഗതവും തടസപെട്ടു. റെയില്‍ ഗതാഗതം വെള്ളിയാഴ്ച രാവിലോടെയോ പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് റെയില്‍വേ വക്താവ് അറിയിച്ചു.

വിയന്നയിലെ പത്താമത്തെ ജില്ലയില്‍ ശക്തമായ കാറ്റില്‍ ട്രോളികളും വെയ്സ്റ് ബക്കറ്റുകളും കാറുകളില്‍ ചെന്നടിച്ച് വന്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അയല്‍ രാജ്യങ്ങളിലും വീശിയടിച്ച കാറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുകയും ഇംഗ്ളണ്ടില്‍ മൂന്ന് പേര്‍ക്ക് ജീവഹാനി നേരിടുകയും ചെയ്തു.

സ്വിറ്റ്സര്‍ലന്‍ഡിനെ തണുപ്പില്‍ വിറപ്പിച്ച ഗോണ്‍സാലോക്കുപിന്നാലെ 70 സെന്റീമീറ്റവര്‍ വരെ മഞ്ഞു പെയ്യുമെന്നും രാത്രിയില്‍ അന്തരിക്ഷ ഉഷ്മാവ് 10 ഡിഗ്രിയായി താഴുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍