ഭാരതീയ കലാലയം പതിനഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നു
Tuesday, October 21, 2014 7:51 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ കലാ,സംസ്കാരിക സംഘടനയായ ഭാരതീയ കലാലയം പതിനഞ്ചാമത് വാര്‍ഷികത്തിനും ഭാരതീയ കലോല്‍സവത്തിനും തയാറെടുക്കുന്നു.

2015 ജനുവരി 24 ന് സൂറിച്ച് ലാങ്ങ്നാവ് അമ് ആല്‍ബിസിലെ വിശാലമായ ഹാളിലാണ് വിപുലമായ ആഘോഷ പരിപാടികള്‍ അരങ്ങേറുക. ഭാരതീയ കലോല്‍സവത്തിന് വൈവിധ്യങ്ങളായ കലാസന്ധ്യയുടെ പണിപ്പുരയിലാണ് സംഘാടകര്‍.

രാവിലെ തുടങ്ങുന്ന മത്സര പരിപാടികള്‍ ഉച്ചഭക്ഷണത്തിനുശേഷം പൊതുപരിപാടികളോടെ തുടരുന്നതാണ്. ഭാരതീയ കലകളുടെ സമന്വയത്തെ അതിന്റെ എല്ലാ പ്രൌഡിയോടും തനിമയോടും കൂടി കേരളത്തില്‍ നിന്നുള്ള സെലിബ്രിറ്റികളുടെ പങ്കാളിത്തത്തോടെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഭാരതീയ കലാലയം പ്രവര്‍ത്തകരെന്ന് ചെയര്‍മാന്‍ എല്‍ബിന്‍ അബി മുണ്ടക്കലും സെക്രട്ടറി റോബിന്‍ തുരുത്തിപിള്ളിലും അറിയിച്ചു.

ഭാരതീയ കലാലയത്തിന്റെ പതിനഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്തങ്ങളായ മത്സരപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജീസണ്‍ അടശേരി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ജീസണ്‍ അടശേരി 076 336 0573, എല്‍ബിന്‍ അബി മുണ്ടക്കല്‍ 078 600 8159, റോബിന്‍ തുരുത്തിപിള്ളില്‍ 076 3912500, വിന്‍സെന്റ് പറയനിലം 076 3433407, ജിജി കോശി 076 4820006.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍