ജര്‍മനിയില്‍ 14 മണിക്കൂര്‍ റെയില്‍ സമരം
Wednesday, October 15, 2014 4:02 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ റെയില്‍ സര്‍വീസുകള്‍ ബുധനാഴ്ച പതിനാല് മണിക്കൂര്‍ തടസപ്പെടും. ഡ്രൈവര്‍മാരുടെ യൂണിയനായ ജിഡിഎല്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കാണ് കാരണം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി വെളുപ്പിനെ നാലു വരെയാണ് സമരം.

ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടക്കുന്ന രണ്ടാംഘട്ട സമരമാണിത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇതിനു മുന്‍പത്തെ പണിമുടക്ക്. അന്ന് ഒമ്പത് മണിക്കൂര്‍ ദീര്‍ഘിച്ച പണിമുടക്ക് യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു.

ഇപ്പോള്‍ അഞ്ച് ശതമാനം ശമ്പള വര്‍ധനയും ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ജോലി ഇളവും ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍