എബോള ബാധിച്ചു ജര്‍മനിയില്‍ മരിച്ച സുഡാന്‍കാരനെ ദഹിപ്പിച്ചു
Wednesday, October 15, 2014 3:23 AM IST
ബര്‍ലിന്‍: എബോള ബാധിച്ച് ജര്‍മനിയില്‍ മരിച്ച സുഡാന്‍കാരന്‍ ഡോക്ടറുടെ മൃതദേഹം ജര്‍നിയില്‍ ദഹിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയില്‍ എത്തിച്ചത്. ജര്‍മനിയിലെ ലൈപ്സിഗ് സെന്റ് ജോര്‍ജ് ക്ളിനിക്കില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ലൈബീരിയിലെ യുഎന്‍ മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു ഈ അന്‍പത്തിയാറുകാരന്‍.

എബോള രോഗത്തിന്റെ പിടിയിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം വളരെ മുന്‍കരുതലോടെ പ്രത്യേകം തയാറാക്കിയ പെട്ടിയിലാക്കി ദഹിപ്പിക്കുകയായിരുന്നുവെന്ന് നഗരവക്താവ് അറിയിച്ചു.

ഈ വര്‍ഷം മാര്‍ച്ചിലാണ് എബോള രോഗത്തെപ്പറ്റി ലോകം അറിയുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത് പടര്‍ന്നു പിടിക്കുന്നത്.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 4,000 ലധികം പേരാണ് എബോള വൈറസ് ബാധിച്ച് മരിച്ചത്. ആഫ്രിക്കയിലാണ് കൂടുതല്‍ പേരും മരിച്ചത്. അമേരിക്ക, സ്പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ ഇതുവരെ ഒരാള്‍ വീതം മരിച്ചു. ഇതിനോടകം 8,400 ലധികം പേര്‍ക്ക് എബോള ബാധിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍