നികുതിവര്‍ധനവും ചെലവുചുരുക്കലുമില്ലാതെ അയര്‍ലന്‍ഡില്‍ ബജറ്റ് അവതരിപ്പിച്ചു
Tuesday, October 14, 2014 10:36 AM IST
ഡബ്ളിന്‍: സാധാരണക്കാര്‍ക്ക് മേല്‍ നികുതി ഭാരമടിച്ചേല്‍പ്പിക്കാതെയും ചെലവുചുരുക്കലുകളില്ലാതെയും അയര്‍ലന്‍ഡില്‍ ബജറ്റവതരിപ്പിച്ചു. ധനമന്ത്രി മൈക്കിള്‍ നൂനനും പബ്ളിക്ക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റര്‍ ബ്രന്‍ഡന്‍ ഹൌലിനും ചേര്‍ന്നാണ് 2015 ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരമടിച്ചേല്‍പ്പിക്കാത്ത ബജറ്റവതരിപ്പിക്കുന്നത്. 2016 പൊതുതെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിത്.

ഹയര്‍ ഇന്‍കം ടാക്സ് നാല്‍പ്പത്തൊന്ന് ശതമാനത്തില്‍ നിന്നും നാല്‍പ്പത് ശതമാനമാക്കി കുറച്ചു. യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് അര ശതമാനം കുറച്ചു.എഴുപതിനായിരം യൂറോക്ക് താഴെ വരുമാനമുള്ളവരുടെയാണ് യു എസ് സി കുറച്ചത്. ചൈല്‍ഡ് ബെനഫിറ്റ് അഞ്ചു യൂറോ വര്‍ധിപ്പിച്ചു. ഓരോ കുട്ടിക്കും 2015 ലും 2016 ലും അഞ്ചു യൂറോ വീതം വര്‍ധനവ് വരുത്തും. പെട്രോള്‍, ഡീസല്‍, മദ്യം, എന്നിവയുടെ വിലയില്‍ മാറ്റമില്ല. സിഗരറ്റിന്റെ വില പാക്കറ്റിന് നാല്‍പ്പത് സെന്റ്വര്‍ധിപ്പിച്ചു. വാഹന രജിസ്ട്രേഷന്‍ നിരക്കും മാറ്റമില്ലാതെ തുടരും.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി യുണിവെഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ്, ഇന്‍കം ലെവി, പെന്‍ഷന്‍ ലെവി, തുടങ്ങി വിവിധ ഓമനപ്പേരുകളില്‍ ജീവനക്കാരില്‍ നിന്നും ഭീമമായ തുക ഗവണ്‍മെന്റ് ഈടാക്കി വരുകയായിരുന്നു. ഇത്തരത്തില്‍ ഈടാക്കിവരുന്ന തുക വര്‍ധിപ്പിക്കാതെ ചെറിയ തോതില്‍ കുറവു വരുത്തുക മാത്രമാണ് ഈ ബഡ്ജറ്റില്‍ ചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന് ചൈല്‍ഡ് ബെനഫിറ്റില്‍ അഞ്ചു യുറോയുടെ നേരിയ വര്‍ധനവാണ് വരുത്തിയത്. ആറ് വര്‍ഷം മുമ്പ് 166 യൂറോ ചൈല്‍ഡ് ബെനഫിറ്റ് നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ 130 യൂറോ മാത്രമാണ് നല്‍കി വരുന്നത്.ഇത് അടുത്ത വര്‍ഷം മുതല്‍ 135 യൂറോയാക്കി ഉയര്‍ത്താനാണ് തീരുമാനം.ഇത്തരത്തില്‍ നേരിയ വര്‍ധനവുകളും മറ്റും വരുത്തി 2016 പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഭരണപക്ഷം.ഇതിനിടെ 2015 മുതല്‍ വാട്ടര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഏഴ് വര്‍ഷം മുമ്പ് ആറ് ശതമാനം ജി ഡി പി വളര്‍ച്ച രേഖപ്പെടുത്തി 12 ബില്യന്‍ യൂറോ മിച്ച ബഡ്ജറ്റ് അവതരിപ്പിച്ച രാജ്യമാണ് കഴിഞ്ഞ ബജറ്റുകളില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളുമായി മുമ്പോട്ട് നീങ്ങിയത്.അയര്‍ലന്‍ഡില്‍ 2008 ന് ശേഷം ബജറ്റുകളില്‍ നികുതി വര്‍ധനവിലൂടെയും ചെലവുചുരുക്കലിലൂടെയും മുപ്പത് ബില്യന്‍ യൂറേയാണ് കണ്ടെത്തിയത്. ബാങ്കിംഗ് മേഖലയുടെ തകര്‍ച്ചയും നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിയും ഭരണ കെടുകാര്യസ്ഥതയും മറ്റുമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പ്രധാനമായും വലിച്ചിഴച്ചത്. ബജറ്റിനെ പ്രതിപക്ഷം നിശിതമായി വിമര്‍ശിച്ചു.

റിപ്പോര്‍ട്ട് :ജയ്സണ്‍ കിഴക്കയില്‍