ജിഎംഎ ചാമ്പ്യന്മാര്‍; യുക്മ സൌത്ത് വെസ്റ് റീജിയണല്‍ കലാമേളക്ക് തിരശീല വീണു
Monday, October 13, 2014 4:46 AM IST
ലണ്ടന്‍: യുക്മ സൌത്ത് വെസ്റ് റീജിയണിന്റെ ആദ്യ റീജിയണല്‍ കലാമേള പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് മികച്ച പങ്കാളിത്തത്തോടെ വന്‍ വിജയമായി. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ആതിഥ്യം വഹിച്ച കലാ മാമാങ്കത്തില്‍ റീജിയണിലെ 13 അംഗ അസോസിയേഷനുകളില്‍ ഭൂരിഭാഗവും പങ്കെടുത്തു. ആതിഥ്യമര്യാദയുടെ പര്യായമായി മാറിയ ഡിഎംഎ കലാമേളയില്‍ പങ്കെടുക്കുന്നതിനു എത്തിച്ചേര്‍ന്ന അതിഥികള്‍ക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കുന്നതില്‍ സദാ നിരതരായിരുന്നു. രാവിലെ 10.30 ന് തിങ്ങിനിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി സൌത്ത് വെസ്റ് റീജിയണിന്റെ ഉദ്ഘാടനവും റീജിയണല്‍ കലാമേളയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. റീജിയണിലെ മുഴുവന്‍ അംഗ അസോസിയേഷനിലും നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും റീജിയണല്‍ / നാഷണല്‍ ഭാരവാഹികളും ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കും ടാബുലേഷനും നേതൃത്വം നല്‍കി. നാലു വേദികളില്‍ ആയി ഒരേ സമയം ഇടതടവില്ലാതെ നടന്ന 214 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. വൈകുന്നേരം 8.30 ഓടെ യുക്മയുടെ ഈ വര്‍ഷത്തെ ആദ്യ റീജിയണല്‍ കലാമേളക്ക് തിരശീല വീണു.

യുക്മ കലാമേളകളില്‍ ഒരു വ്യക്തിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ ഭരതനാട്യം, മോഹിനിയാട്ടം, മോണോആക്റ്റ് എന്നീ മൂന്ന് വ്യക്തിഗത ഇനങ്ങളിലും ഒന്നാം സ്ഥാനവും ഒപ്പന, തിരുവാതിര എന്നീ ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്ത് വിജയിച്ച് സാലിസ്ബറി മലയാളി അസോസിയേഷന്റെ അഭിമാനമായ മിന്ന ജോസ് ആദ്യ യുക്മ സൌത്ത് വെസ്റ് റീജിയണല്‍ കലാതിലക പട്ടം നേടി. വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഇനങ്ങളില്‍ രണ്ടും മൂന്നും സ്ഥാനവും നേടിയാണ് മിന്ന ജോസ് ഈ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.

എസ്എംഎയുടെ രക്ഷാധികാരി, അങ്കമാലി എളവൂര്‍ സ്വദേശി കല്ലറയ്ക്കല്‍ കുടുംബാംഗം ജോസ് കെ. ആന്റണിയുടെയും സില്‍വി ജോസിന്റെയും മകളാണ് പോര്‍ട്സ്മൌത്ത് യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി വിദ്യാര്‍ഥിനി കൂടിയായ മിന്ന ജോസ്. കലാരംഗത്ത് പ്രകടിപ്പിക്കുന്ന അതെ മികവു തന്നെ പഠനരംഗത്തും കാഴ്ച വയ്ക്കുന്ന ഈ കൊച്ചു മിടുക്കി ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് റീജിയണല്‍ തലത്തില്‍ കലാതിലകം ആകുന്നത്. കഴിഞ്ഞ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയില്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനം മിന്ന ജോസിനായിരുന്നു.

യുക്മ കലാപ്രതിഭാ പട്ടത്തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് നാട്യ ഇനങ്ങളിലും നാട്യേതര ഇനങ്ങളിലും ഒരുപോലെ സമ്മാനാര്‍ഹര്‍ ആയവര്‍ ഇല്ലാത്തതിനാല്‍ റീജിയണല്‍ ലെവ്ലില്‍ കലാപ്രതിഭ പട്ടം ആര്‍ക്കും ലഭിച്ചില്ല.

ഏറ്റവും കൂടുതല്‍ പോയന്റ് നേടി ഒരിക്കല്‍ കൂടി തങ്ങളുടെ കരുത്ത് തെളിയിച്ച ഗ്ളോസ്റര്‍ ഷെയര്‍ മലയാളി അസോസിയേഷനാണ് റീജിയണല്‍ ചാമ്പ്യന്മാര്‍. 138 പോയന്റ് നേടിയ ഇവരുടെ വിജയത്തിന് പിന്നില്‍ സബ് ജൂണിയര്‍ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായ സാന്ദ്ര ജോഷി, ബെനീറ്റ ബിനു എന്നിവര്‍ തിളക്കത്തോടെ നില്‍ക്കുന്നു. എന്‍എച്ച്എസില്‍ സ്റാഫ് നഴ്സുമാരായ ബിനുമോള്‍ ബിനുവിന്റെയും ബിനുമോന്റെയും മകളായ ബെനീറ്റ ബിനു എന്ന കൊച്ചു മിടുക്കി പങ്കെടുത്ത ഇനങ്ങളില്‍ എല്ലാം പ്രശംസനീയ വിജയം നേടി. സ്കൂള്‍ അധ്യാപകനായ ജോഷി ജോസഫിന്റെയും എന്‍എച്ച്എസില്‍ സ്റാഫ് നഴ്സായ ജാന്‍സി ജോഷിയുടെയും മകളാണ് സാന്ദ്ര ജോഷി. പ്രസിഡന്റ് മാത്യു അമ്മായിക്കുന്നേല്‍, വൈസ് പ്രസിഡന്റ്് സണ്ണി ലൂക്കോസ്, ജോ. സെക്രട്ടറി ബിനുമോന്‍, കമ്മിറ്റി അംഗങ്ങളായ റോബി മേക്കര, സന്തോഷ് ബാബു, മനോജ് ജേക്കബ്, ജോസ് അലക്സ്, പോള്‍സണ്‍ എന്നിവരും യുക്മ പ്രതിനിധികളായ ഡോ. ബിജു, ലവ്ലി സെബാസ്റ്റ്യന്‍, അബിന്‍ ജോസ് എന്നിവരും മല്‍സരാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും ശ്രദ്ധയോടെ സഹകരിച്ചു.

റീജിയണല്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ സാലിസ്ബറി മലയാളി അസോസിയേഷന്‍ കലാതിലകം മിന്ന ജോസ്, ജൂണിയര്‍ വിഭാഗം ചാമ്പ്യന്‍ പൂജ ഹരി, കിഡ്സ് വിഭാഗം ചാമ്പ്യന്‍ ജഹാന്‍ സ്റാലിന്‍ എന്നിവരുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിച്ചത്. പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി കുര്യാച്ചന്‍ സെബാസ്റ്യന്‍, ട്രഷറര്‍ ജേക്കബ് ചാക്കോ, രക്ഷാധികാരി ജോസ് കെ. ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് സാലിസ്ബറി പട്ടാളം യുക്മ കലാമേള വേദി കീഴടക്കാന്‍ എത്തിയത്.

പങ്കെടുത്ത അസോസിയേഷനുകളില്‍ എറ്റവും മികച്ച പങ്കാളിത്തത്തിനുള്ള അവാര്‍ഡ് ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ കരസ്ഥമാക്കി. റീജിയണല്‍ കലാമേളയില്‍ പോയന്റ് നിലവാരത്തില്‍ മൂന്നാം സ്ഥാനം നേടിയ അവര്‍ സംഘാടക മികവിന്റെയും ആതിഥ്യമര്യാദയുടെയും അവസാനവാക്കായി കലാമേളയുടെ വിജയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രസിഡന്റ് സാജന്‍ ജോസ്, സെക്രട്ടറി അനുജ് ചെറിയാന്‍, റെമി ജോസഫ്, വിന്‍സെന്റ് മത്തായി, കെ.എസ് ജോണ്‍സന്‍, സുനില്‍ രവീന്ദ്രന്‍, ഷാജു പോള്‍, ബോബി അഗസ്റിന്‍, ടോംസി ജോര്‍ജ്, ലാലിച്ചന്‍ ജോര്‍ജ്, സജീ ലൂയിസ്, റോയ് ജോസഫ്, ലാലിച്ചന്‍ ജോസഫ്, ജോര്‍ജ് ചാണ്ടി, റോബിന്‍ ജോസഫ്, മനു ജോസ്, മോന്‍സി ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘമാണ് ഇതിനു വേണ്ടി പ്രവര്‍ത്തിച്ചത്.

യുക്മയുടെ രൂപീകരണ കാലം മുതല്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന സാം തിരുവാതിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ബേസിംഗ് സ്റോക്ക് അസോസിയേഷനില്‍ നിന്നും മത്സരാര്‍ഥികള്‍ എത്തിയത്. ബേസിംഗ് സ്റോക്കില്‍ നിന്നുള്ള സോന്‍സി സാം ജൂണിയര്‍ വിഭാഗത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനവും മലയാളം പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും ഭരതനാട്യത്തില്‍ മൂന്നാം സ്ഥാനവും നേടുകയും ചെയ്തു. കലാമേളയുടെ ആദ്യാവസാനം ആവേശത്തോടെ സഹകരിച്ച സാം തിരുവാതിലില്‍ കലാമേള വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

കലാമേളയുടെ ഉദ്ഘാടനം വ്യക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു. യുക്മ എന്നത് ഒരേ മനോഭാവമുള്ള ജനങ്ങളുടെയും സംഘടനകളുടെയും സംഘടനയാണെന്നും അതുകൊണ്ടു തന്നെ രണ്ടു തട്ടില്‍ നില്‍ക്കുന്നവര്‍ യുക്മയുടെ പ്രവര്‍ത്തനങ്ങളിലും കലാമത്സരങ്ങളിലും പങ്കെടുത്ത് യുക്മയോട് മാത്രം അനുഭാവമുള്ള മറ്റു കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്നതിന് ദയവായി ശ്രമിക്കരുത് എന്നും കലാമേള ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി ഓര്‍മിപ്പിച്ചു. യുക്മയിലെ അംഗ അസോസിയേഷനിലെ അംഗങ്ങള്‍ മറ്റു സംഘടനകളുടെ സമാന രീതിയിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയാണ് എങ്കില്‍ അവര്‍ അവിടെ തന്നെ തുടര്‍ന്നും മത്സരിക്കുന്നതാണ് വിശ്വാസ്യതക്ക് ഭൂഷണം എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി യുക്മയോടൊപ്പം പ്രവര്‍ത്തിക്കുകയും സൌത്ത് വെസ്റ് റീജിയന്റെ ആദ്യ കലാമേള നടത്തിപ്പിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്ത റീജിയണല്‍ സെക്രട്ടറി രവീഷ് ജോണിന്റെ യാത്രയയപ്പ് പരിപാടിക്കും കലാമേള വേദി സാക്ഷിയായി. നിരവധി പേരുടെ കൂട്ടായ അശ്രാന്ത പരിശ്രമമാണ് ഈ കലാമേളയുടെ വിജയത്തിന് പിന്നിലും. റീജിയണല്‍ പ്രസിഡന്റ് സജു ജോസഫ്, സെക്രട്ടറി രവീഷ് ജോണ്‍, ട്രഷറര്‍ തോമസ് ജോര്‍ജ്, വൈസ് പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി ജഗി ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗം സജീഷ് ടോം, നാഷണല്‍ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ്, നഴ്സസ് ഫോറം പ്രസിഡന്റ് രേഖ കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേവന സന്നദ്ധരായ ഒരു പറ്റം ആളുകളുടെ കൂട്ടായ പരിശ്രമമാണ് ഈ കലാമേളയുടെ വിജയത്തിന്റെ ആധാരം. മേള ഭംഗിയാക്കാന്‍ ഒത്തൊരുമയുടെ പര്യായമായി പ്രവര്‍ത്തിച്ച യുക്മ സൌത്ത് വെസ്റ് റീജിയണല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കും സംഘാടക മികവു കൊണ്ടും ആതിഥ്യമര്യാദ കൊണ്ടും അമ്പരപ്പിച്ച ഡിഎംഎ പ്രവര്‍ത്തകര്‍ക്കും ആത്മ നിര്‍വൃതിയുടെ നിമിഷങ്ങള്‍ സമ്മാനിച്ച് ഡോര്‍സെറ്റിലെ ചരിത്രത്താളുകളില്‍ ആദ്യ അധ്യായമായി ആദ്യ യുക്മ സൌത്ത് വെസ്റ് റീജിയണല്‍ കലാമേള നിലകൊള്ളുന്നു.

അലൈഡ് ഫിനാന്‍സിയേഴ്സ് പ്രധാന സ്പോണ്‍സര്‍ ആയിരുന്ന റീജിയണല്‍ കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍സിനുള്ള ട്രോഫി സ്പോണ്‍സര്‍ ചെയ്തത് ഫസ്റ് റിംഗ് ലിമിറ്റഡ് ആയിരുന്നു. റണ്ണേര്‍സ് അപ്പിനുള്ള ട്രോഫി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ സ്പോണ്സര്‍ ചെയ്തപ്പോള്‍ മികച്ച പങ്കാളിത്തത്തിനുള്ള ട്രോഫി ലാലിച്ചന്‍ ജോര്‍ജും കുടുംബവും പിതാവ് പോത്തന്‍ ജോര്‍ജിന്റെ സ്മരണയ്ക്കായി നല്‍കുകയായിരുന്നു.

ബിടിഎം ഫോട്ടോഗ്രഫിക്കുവേണ്ടി ബിജു മൂന്നാനപ്പള്ളി എടുത്ത കലാമേളയുടെ കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക വു://ുഹൌ.ഴീീഴഹല.രീാ/ുവീീ/118196038207010619229/മഹയൌാ/6069295764784370081.