തലച്ചോറിലെ ജിപിഎസ് സംബന്ധിച്ച കണ്ടെത്തല്‍ മേധാക്ഷയ ചികിത്സയില്‍ നിര്‍ണായകമാകും
Tuesday, October 7, 2014 7:43 AM IST
സ്റോക്ക്ഹോം: തലച്ചോറിലെ ആന്തരിക ജിപിഎസ് (സ്ഥലകാല ബോധം) സംവിധാനത്തിന്റെ പ്രവര്‍ത്തനം കണ്ടെത്തിയ ദമ്പതികളടക്കം മൂന്നുപേര്‍ക്കാണ് ഇക്കുറി വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചിരിക്കുന്നത്. മസ്തിഷ്കത്തില്‍ സ്ഥലകാലബോധവും ദിശാനിയന്ത്രണവും എങ്ങനെയാണ് സംഭവിക്കുന്നതെന്നു വിശദീകരിച്ച ബ്രിട്ടീഷ് അമെരിക്കന്‍ ഗവേഷകന്‍ ജോണ്‍ ഓകീഫെ, നോര്‍വീജിയന്‍ ദമ്പതിമാരായ എഡ്വേഡ്, മെയ് ബ്രിട്ട് മോസര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.

ചുറ്റുപാടുകളെക്കുറിച്ച് ബോധം നല്‍കുന്ന പ്രത്യേകയിനം നാഡീകോശങ്ങളെ തിരിച്ചറിഞ്ഞത് അല്‍സ്ഹൈമേഴ്സ് ചികിത്സയില്‍ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂറുകണക്കിനു വര്‍ഷങ്ങളായി ശാസ്ത്രജ്ഞരെയും തത്വചിന്തകന്‍മാരെയും ഒരുപോലെ വിഷമിപ്പിച്ച ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്.

ചുറ്റുപാടുകളെക്കുറിച്ച് തലച്ചോര്‍ ഭൂപടം തയാറാക്കുന്നതും ദിശാബോധത്തോടു കൂടി സഞ്ചരിക്കാന്‍ സഹായിക്കുന്നതും എങ്ങനെയെന്ന് കണ്ടുപിടുത്തം വിശദീകരിക്കുന്നു. 1971ല്‍ ഓകീഫെ പരീക്ഷണശാലയിലെ എലികളിലാണ് ആദ്യഘട്ടം പരീക്ഷിച്ചത്. തലച്ചോറിലെ ഹിപ്പോകാംപസുകളില്‍ (മനുഷ്യരുടെയും മറ്റു കശേരുകികളുടെയും സെറിബ്രല്‍ കോര്‍ട്ടക്സിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നു) കാണുന്ന പ്രത്യേകതരം കോശങ്ങള്‍ സ്ഥലകാല നിയന്ത്രണം നടത്തുന്നതായി മനസിലാക്കി.

എലികള്‍ ഒരോ ഇടങ്ങളിലും നില്‍ക്കുമ്പോള്‍ വ്യത്യസ്ത കോശങ്ങളാണ് ദിശാബോധം നല്‍കുന്നതെന്ന് ഓകീഫെ തിരിച്ചറിഞ്ഞിരുന്നു. ഈ ദിശാ കോശങ്ങളാണ് ചുറ്റുപാടുകളുടെ ഭൂപടം തയാറാക്കാന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

പിന്നീട്, 2005ലാണ് മേയ് ബ്രിട്ടും എഡ്വേഡ് മോസറും ചേര്‍ന്ന് അദൃശ്യമായ ദിശാബോധ സംവിധാനത്തിനു വ്യക്തത നല്‍കിയത്. ഗ്രിഡ് സെല്ലുകള്‍ എന്നു വിശേഷിപ്പിച്ച നാഡീകോശങ്ങള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അവര്‍ പുതിയ കണ്ടെത്തല്‍ നടത്തി. അക്ഷാംശവും രേഖാംശവും നിര്‍ണയിച്ച് സഞ്ചാര ദിശ തയാറാക്കാന്‍ സഹായിക്കുന്നതും ഈ കോശങ്ങളാണ്.

ഓര്‍മ കിട്ടുന്നതെങ്ങനെയെന്ന പഠനത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലുകള്‍. അല്‍സ്ഹൈമേഴ്സ് രോഗികള്‍ക്ക് സ്ഥലകാലങ്ങളെക്കുറിച്ച് വിഭ്രാന്തി വരുന്നതും ദിശമാറി സഞ്ചരിക്കുകയും ചെയ്യുന്നത് പതിവാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍