ലിവര്‍പൂള്‍ ഹോളി നെയിം ചര്‍ച്ചിലും മലയാളി ഭനവങ്ങളിലും ജപമാലകളുടെ മണി കിലുക്കം
Tuesday, October 7, 2014 6:20 AM IST
ലിവര്‍പൂള്‍: ഹോളി നെയിം ചര്‍ച്ചിലും മലയാളി ഭനവങ്ങളിലും ജപമാലകളുടെ മണി കിലുക്കം. മറുനാട്ടിലും അണയാത്ത വിശ്വാസവും മറക്കാത്ത പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ലിവര്‍പൂളിലെ മരിയ ഭക്തര്‍ ഒക്ടോബറില്‍ തുടങ്ങിയ ജപമാല മാസാചരണം ആറു ദിവസം പിന്നിട്ടപ്പോള്‍ കൂടുതല്‍ ഭക്തിസാന്ദ്രമായി മാറി.

ഞായറാഴ്ച ഫാസാര്‍ക്കലി ഹോളി നെയിം ചര്‍ച്ചില്‍ നടന്ന ജപമാല അര്‍പ്പണത്തിലും വിശുദ്ധ കുര്‍ബാനയിലും വലിയ ഒരു വിശ്വാസ സമൂഹം പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. വില്‍ഫ്രഡ് കാര്‍മികത്വം വഹിച്ചു. ജപമാല മാസമായി കത്തോലിക്കാ സഭാ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ കൊന്ത നമസ്കാരത്തില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ സ്വാഗതം ചെയ്തു.

യുകെയില്‍ ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ജപമാലാചരണം ഒരു വലിയ മാതൃകയായി മാറികഴിഞ്ഞു. വിശ്വാസികളുടെ ഭവനങ്ങളിലും പള്ളിക്കൂടങ്ങളിലുമായി ജപമാലമാസാചരണം തുടരുന്നു. ഒക്ടോബര്‍ 11 മുതല്‍ ജപമാല നടക്കുന്ന സ്ഥലങ്ങളുടെ ലിസ്റ് ഉടനെ പ്രസിദ്ധീകരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം തോമസ് 07577249750, ജെസി ജിമ്മി 07951980102.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്