ഗാള്‍വേ പള്ളിയില്‍ ഭദ്രാസന മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കുന്നു
Tuesday, October 7, 2014 6:19 AM IST
ഗാള്‍വേ (അയര്‍ലന്‍ഡ്): സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപോലീത്തയായി ചുമതലയേറ്റ് ആദ്യമായി അയര്‍ലന്‍ഡില്‍ ശ്ളൈഹീക സന്ദര്‍ശനം നടത്തുന്ന അയര്‍ലന്‍ഡ് പാത്രിയര്‍ക്കല്‍ വികാരി യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്തായ്ക്ക് ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13 ന് (തിങ്കള്‍) വൈകുന്നേരം ആറിന് സ്വീകരണം നല്‍കുന്നു. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മെത്രാപോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രമുഖ ദേവാലയങ്ങളില്‍ ഒന്നായ ഗാള്‍വേ പള്ളിയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന മെത്രാപോലീത്ത ദീര്‍ഘനാളായി തുമ്പമണ്‍ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുകയും പ്രസ്തുത ഭദ്രാസനത്തെ അനുദിനം പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തുവരുന്നു. ദീര്‍ഘവീക്ഷണത്തോടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തിരുമേനി അയര്‍ലന്‍ഡ് ഭദ്രാസനത്തെ പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് നയിക്കുമെന്ന് ട്രസ്റി വിനോദ് ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു. തിരുമേനിയുടെ മുന്‍ഗാമികളായി അയര്‍ലന്‍ഡ് ഭദ്രാസനത്തെ നയിച്ച മെത്രാപൊലീത്താമാരായ കുര്യാക്കോസ് മോര്‍ തെയോഫിലോസ്, കുര്യാക്കോസ് മോര്‍ ദിയസ്കോറോസ്, കുര്യാക്കോസ് മോര്‍ യൌസേബിയോസ് എന്നീ ശ്രേഷ്ഠ പിതാക്കന്മാരും നിരവധി പ്രാവശ്യം ഗാള്‍വേ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്. മെത്രാപോലീത്തായുടെ സ്വീകരണവും വിശുദ്ധ കുര്‍ബാനയും ക്ളാരിന്ബ്രിട്ജ് പള്ളിയില്‍ നടത്തപ്പെടുമെന്ന് ട്രസ്റി വിനോദ് ജോര്‍ജ് അറിയിച്ചു.

തിരുമേനിയുടെ സ്വീകരണ ചടങ്ങിലേക്കും വിശുദ്ധകുര്‍ബാനയിലെക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: നോബി സി. മാത്യു