ഫ്രഞ്ച് നാട്ടുകൂട്ടം തിരുവോണം ആഘോഷിച്ചു
Friday, October 3, 2014 8:17 AM IST
പാരീസ്: ഫ്രഞ്ച് മലയാളികളുടെ പുത്തന്‍ കൂട്ടായ്മയായ നാട്ടുകൂട്ടം വൈകിയാണെങ്കിലും തിരുവോണം ആഘോഷിച്ചു. ദക്ഷിണ പാരീസിലെ ഷതിയോന്‍ മോംറൂഷില്‍ സെപ്റ്റംബര്‍ 28 ന് (ഞായര്‍) ആയിരുന്നു പരിപാടികള്‍ അരങ്ങേറിയത്. ഇംഗ്ളണ്ടില്‍ നിന്നും ഫ്രാന്‍സിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ഹരീഷ്, ശ്യാം മാര്‍ഗശേരിയും കൂട്ടുകാരും ചേര്‍ന്നൊരുക്കിയ പൂക്കളം ഏവരുടെ പ്രശംസയ്ക്കര്‍ഹമായി. മഹിളാംഗങ്ങള്‍ ഓണപാട്ടുകളും യൂറോപ്പിലെ അറിയപ്പെടുന്ന പ്രവാസി സാഹിത്യകാരനും കവിയുമായ ഈനാശു തലക് കവിതകള്‍ ചൊല്ലി ആഘോഷത്തെ കവിത്വമയമാക്കി. തടുക്കശേരി ബ്രദേഴ്സ് എന്നിയപ്പെടുന്ന നന്ദനും സജേഷും സദ്യവട്ടത്തിന്റെ മേല്‍നോട്ടം വഹിച്ച് രുചികരമാക്കി. കൂട്ടായ്മയുടെ നാമത്തില്‍ ജോണ്‍ പണിക്കര്‍ നന്ദിയുടെ പാല്‍പ്പായസം വിളമ്പി. ഹൃദ്യവും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണവിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുടെ സൌഹൃദപ്പൂക്കള്‍ നല്‍കിയാണ് ഏവരും വിടചൊല്ലിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍