ഡല്‍ഹി മെട്രോയ്ക്ക് ലോകത്തില്‍ രണ്ടാം സ്ഥാനം
Wednesday, October 1, 2014 8:00 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഡല്‍ഹി മെട്രോ ലോകത്തില്‍ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകവ്യാപകമായി 18 മെട്രോ റെയിലുകളില്‍ നടത്തിയ പഠനത്തില്‍ മികവിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മെട്രോയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. ഒന്നും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം ലണ്ടന്‍ മെട്രോയും ബാങ്കോക് മെട്രോയുമാണ്.

മെട്രോ റെയിലുകളുടെ ആഗോള നിലവാരം പരിശോധിക്കുന്ന ഏജന്‍സിയായ നോവാ ഗ്രൂപ്പാണ് പഠനം നടത്തി സ്ഥാനമാനങ്ങള്‍ പ്രഖ്യാപിച്ചത്. യാത്രാ സൌകര്യം, യാത്ര ചെയ്യുന്നവരുടെ പ്രതികരണം, സമയനിഷ്ട ഇവ വിലയിരുത്തിയാണ് ഗ്രേഡ് ലിസ്റ് കണക്കാക്കുന്നത്.

യാത്രക്കാരുടെ ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഡല്‍ഹി മെട്രോയ്ക്ക് ഉയര്‍ന്ന പിന്തുണ ലഭിച്ചു. റെയില്‍ സൌകര്യം, സേവനം എന്നിവയില്‍ ഏതാണ്ട് നൂറു ശതമാനം മാര്‍ക്കിന് അടുത്ത് ഡല്‍ഹി മെട്രോയ്ക്ക് ലഭിച്ചു.

ഡല്‍ഹി മെട്രോയ്ക്ക് ലോകത്തില്‍ രണ്ടാം സ്ഥാനം കിട്ടിയതിനെക്കുറിച്ച് പല യൂറോപ്യന്‍ പത്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ശാസ്ത്രീയ വികസനങ്ങളെയും ഡല്‍ഹി മെട്രോയുടെ പ്രധാന ശില്‍പ്പിയും മലയാളിയുമായ ഇ.കെ. ശ്രീധരനെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രോജക്ടായിരുന്ന കൊങ്കണ്‍ റെയില്‍വേയെക്കുറിച്ചും പല പത്ര മാധ്യമങ്ങളും പരാമര്‍ശിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍