വൃദ്ധജനങ്ങള്‍ക്കു പറ്റിയ രാജ്യം നേര്‍വേ
Wednesday, October 1, 2014 8:00 AM IST
ഓസ്ളോ: വൃദ്ധജനങ്ങളുടെ ജീവിതം ഏറ്റവും മികച്ചത് നോര്‍വേയിലെന്ന് ഗ്ളോബല്‍ ഏജ് വാച്ച് ഇന്‍ഡക്സ്. 96 രാജ്യങ്ങളിലെ വൃദ്ധജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ താരതമ്യം ചെയ്താണ് ഹെല്‍പ്പ് ഏജ് ഇന്റര്‍നാഷണല്‍ സൂചിക തയാറാക്കിയിരിക്കുന്നത്.

ലോക വാര്‍ധക്യ ദിനത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ച്, ഓസ്ട്രേലിയ, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍, വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയുടെ റാങ്ക് വളരെ താഴെയാണ്.

2050 ആകുന്നതോടെ ലോക ജനസംഖ്യയില്‍ 21 ശതമാനവും വൃദ്ധജനങ്ങളായിരിക്കുമെന്നാണ് ഇതോടനുബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. വരുമാന സുരക്ഷിതത്വം, ആരോഗ്യം, സ്വയംപര്യാപ്തത, ജീവിത അന്തരീക്ഷം എന്നീ ഘടകങ്ങളാണ് ഇതില്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്.

പട്ടികയില്‍ നോര്‍വേയ്ക്കു തൊട്ടു പിന്നില്‍ വരുന്നത് സ്വീഡന്‍. സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളാണ് പിന്നാലെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍