ലുഫ്താന്‍സ പൈലറ്റുമാരുടെ സമരം; യാത്രക്കാര്‍ വീണ്ടും പെരുവഴിയില്‍
Tuesday, September 30, 2014 8:14 AM IST
ബര്‍ലിന്‍: ജര്‍മന്‍ ദേശീയ എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സയിലെ പൈലറ്റുമാര്‍ അഞ്ചാംഘട്ട സമര പരമ്പര ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച തുടക്കം കുറിച്ചത് യാത്രക്കാരെ പെരുഴിയിലാക്കി.

ചൊവ്വാഴ്ചത്തെ സമരം 56 ദീര്‍ഘദൂര വിമാന സര്‍വീസുകളെ ബാധിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നു വരെയുള്ള സര്‍വീസുകളില്‍ മിക്കതും റീഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഇത്തവണത്തെ സമരത്തില്‍ പങ്കെടുത്തത് ദീര്‍ഘദൂര സര്‍വീസുകളിലെ പൈലറ്റുമാരാണ്.

പൈലറ്റുമാരുടെ പെന്‍ഷനും വിരമിക്കല്‍ സൌകര്യങ്ങളും സംബന്ധിച്ച് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പുതിയ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്.

ഈ വര്‍ഷം നടത്തുന്ന അഞ്ചാമത്തെ സമര പരമ്പരയാണിത്. ഇന്നത്തെ സമരം ഏതാണ്ട് ഇരുപതിനായിരത്തോളം യാത്രക്കാരെ ബാധിച്ചുവെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമരം മൂലം കമ്പനിയുടെ നഷ്ടം 45 മില്യന്‍ യൂറോയും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍