വിയന്നയില്‍ ശാലോം സംഘടിപ്പിക്കുന്ന അന്തര്‍ദേശിയ നേതൃത്വപരിശീലന സെമിനാര്‍
Monday, September 29, 2014 6:21 AM IST
വിയന്ന: എല്ലാ തലമുറയുടെയും സ്പന്ദനങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച് ആഗോള കത്തോലിക്കാ സഭയോടോത്ത് മീഡിയയിലൂടെയും സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെയും സുവിശേഷം പ്രഘോഷിക്കുന്ന ശാലോം മീഡിയ, ശാലോം യൂറോപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിയന്നയില്‍ നാലുദിവസത്തെ നേതൃത്വപരിശീലന സമ്മേളനം സംഘടിപ്പിക്കും.

യുറോപ്പില്‍ ആദ്യമായാണ് ശാലോം ഇത്തരത്തിലുള്ള ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്. 'വിക്ടറി 2015' എന്ന നാമകരണം ചെയ്തിരിക്കുന്ന സെമിനാര്‍ 2015 ജനുവരി 29, 30, 31 ഫെബ്രുവരി ഒന്ന് തിയതികളില്‍ വിയന്നയിലെ പതിനഞ്ചാം ജില്ലയിലുള്ള ഓവര്‍സീസ് സ്ട്രാസെയിലെ അക്കോണ്‍ പ്ളാറ്റ്സ് ദേവാലയത്തിലാണ് സമ്മേളനം.

ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ശാലോം ഫെല്ലോഷിപ്പ് അംഗങ്ങള്‍ക്കും ശാലോം പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് പ്രധാനമായും ഈ ശുശ്രുഷകള്‍ ഒരുക്കിയിരിക്കുന്നത്. എങ്കിലും ആധിഥേയരാജ്യമായ ഓസ്ട്രിയയിലെയും പ്രത്യേകിച്ച് വിയന്നയിലെയും എല്ലാ കത്തോലിക്കാ സഭാവിശ്വാസികളെയും ഈ ശുശ്രുഷകളിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ശാലോം വിയന്നാ നേതൃത്വം അറിയിച്ചു.

സാധാരണ വാര്‍ഷിക ധ്യാനങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇതെന്നും ആത്മീയ നേതൃത്വപരിശീലനമാണ് സമ്മേളനത്തിലൂടെ ലഭ്യമാകുന്നതെന്നും വിയന്നയിലെ ശാലോം നേതൃത്വം അറിയിച്ചു. സുവിശേഷപ്രഘോഷണം ഒരു വ്യക്തിയുടെ ആത്മീയജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് ദൈവോത്മുകജീവിതത്തിനാവശ്യമായ ആത്മീയ പരിശീലനവും ഇത്തരം നേതൃത്വപരിശീലനത്തിന് ആവശ്യമാണ്. ആത്മവിശുദ്ധീകരണത്തിനും ആത്മീയജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആധ്യാത്മികതയുടെ ഉന്നത മേഘലകളിലേക്ക് ഉയരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വചനത്തില്‍ വളരുവാനാഗ്രഹിക്കുന്നവര്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ശാലോം സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ശലോമിന്റെ ആത്മീയപിതാവ് ഡോ. ഫാ. റോയി പാലാട്ടി സിഎംഐ, ശാലോം ചെയര്‍മാന്‍ ഷെവലിയര്‍ ബെന്നി പുന്നത്തുറ, സാന്റോ കാവില്‍പുരയിടം (ശാലോം എക്സിക്യുട്ടിവ് ഡയറക്ടര്‍ യുഎസ്എ) പ്രശസ്ത വചനപ്രഘോഷകന്‍ ഡോ. ജോണ്‍ ഡി എന്നിവരാണ് നേതൃത്വപരിശീലനം നല്‍കുന്നതും വചനം പങ്കുവയ്ക്കുന്നതും. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസസൌകര്യവും ഭക്ഷണവും ഉള്‍പ്പടെ 190 യൂറോയും വിയന്നയില്‍ നിന്ന് പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണത്തിനായി 35 യൂറോയുമാണ് രജിസ്ട്രേഷന്‍ ഫീസ്.

ശാലോം വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി രജിസ്റര്‍ ചെയ്യാനും സൌകര്യം ഉടനെ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: സജി ജേക്കബ്: 0043 6763077455, ജോസഫ് പുതുപ്പള്ളി: 0043 6991 954 64 29, ജയിംസ് കൈയ്യാലപറമ്പില്‍: 0043 6991 070 8041,ആന്റോ നിലവൂര്‍: 0043 6991 240 7632.

റിപ്പോര്‍ട്ട്: ജോബി ആന്റണി