കീര്‍ത്തനക്ക് ബാഷ്പാഞ്ജലികളുമായി മലയാളികള്‍
Monday, September 29, 2014 6:15 AM IST
ന്യൂഡല്‍ഹി: മയൂര്‍ വിഹാറിലെയും ചില്ല ഡിഡിഎ ഫ്ളാറ്റ്സിലെയും ആബാലവൃദ്ധം ജനങ്ങളും എഎസ്എന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നിറമിഴികളുമായി തങ്ങളുടെ പ്രിയപ്പെട്ട കീര്‍ത്തനക്ക് ബാഷ്പാഞ്ജലി അര്‍പ്പിക്കുവാന്‍ പൂജാ പാര്‍ക്കില്‍ ഒത്തുകൂടി.

പാലക്കാട് ജില്ലയിലെ കാട്ടുകുളത്തുള്ള തിരുവാഴിയോട് മംഗലാംകുന്ന് വടക്കേപ്പാട്ട് വീട്ടില്‍ കൃഷ്ണ ദാസിന്റെയും പ്രീതിയുടെയും മകള്‍ കീര്‍ത്തനാ നായര്‍ കൂട്ടുകാരെയും വീട്ടുകാരെയുമൊക്കെ തനിച്ചാക്കി ഈ ലോകത്തോട് വിട പറഞ്ഞ വാര്‍ത്ത ഇ അറിഞ്ഞപ്പോള്‍ മുതല്‍ കണ്ണീര്‍ വാര്‍ക്കുകയാണ്.

തങ്ങളുടെ മുന്നില്‍ വളര്‍ന്നുവന്ന കീര്‍ത്തന എന്ന കുട്ടിയെപ്പറ്റി സംസാരിക്കുമ്പോള്‍ അവര്‍ക്ക് ആയിരം നാവാണ്. പഠനത്തിലും കലാരംഗത്തുമൊക്കെ എപ്പോഴും അവളായിരുന്നു മുന്നില്‍. ഏവര്‍ക്കും പ്രിയങ്കരിയായി ഒരു ചിത്ര ശലഭത്തെപ്പോലെ പാറി നടന്ന അവളെ വിധി ഇത്ര ചെറുപ്പത്തില്‍ത്തന്നെ അപഹരിക്കുമെന്ന് ആരും കരുതിയില്ല.

മയൂര്‍ വിഹാറിലെ എഎസ്എന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു കീര്‍ത്തന. പത്തു വയസുമുതല്‍ ഭരതനാട്യം, പെയ്ന്റിംഗ്, അബാക്കസ് മെമ്മറി മുതലായവയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. മലയാളം ഭാഷ പഠന കേന്ദ്രത്തിനു കീഴിലുള്ള ഡിപ്ളോമ കോഴ്സ് വിദ്യാര്‍ഥിയായിരുന്നു. 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗയിംസിന്റെ ഉദ്ഘടാന ചടങ്ങില്‍ മറ്റു കുട്ടികളോടൊപ്പം ഭരതനാട്യം അവതരിപ്പിച്ച് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

പൂജാ പാര്‍ക്കില്‍ നടന്ന പ്രാര്‍ഥനാ യോഗത്തില്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ സെക്രട്ടറി ശാന്തകുമാര്‍, ചില്ല അയ്യപ്പ പൂജ സമിതി പ്രസിഡന്റ് രവീന്ദ്രന്‍, എസ്എന്‍ഡിപി പ്രസിഡന്റ് സി.കെ. പ്രിന്‍സ്, രാജന്‍ വി. മാരാര്‍, ശ്രീഹരി എഎസ്എന്‍ സ്കൂള്‍ അധ്യാപിക ഗിരിജാ എന്നിവര്‍ കീര്‍ത്തനയെ അനുസ്മരിച്ചു. കലാകേരളം,

ആര്‍ഷ ധര്‍മ പരിഷദ്, സെന്റ് പോള്‍സ് ചര്‍ച്ച്, ആശീര്‍വാദ് ചര്‍ച്ച്, കേരള സമാജം, എന്‍എസ്എസ്, സെന്റ് മേരീസ് ചര്‍ച്ച് തുടങ്ങിയവയുടെ ഭാരവാഹികളും കീര്‍ത്തനയുടെ ബന്ധു മിത്രാദികളും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി