ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ തീവയ്പുശ്രമം; പ്രതിയെ പോലീസ് തെരയുന്നു
Monday, September 29, 2014 6:14 AM IST
ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ (റൈഷ്ടാഗ്) കുപ്പിയില്‍ ഇന്ധനം നിറച്ചു തീവയ്പുശ്രമം നടത്തിയ പ്രതിക്കായി ജര്‍മന്‍ കുറ്റാന്വേഷണ വിഭാഗം തെരച്ചില്‍ തുടങ്ങി.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് മൊളോട്ടോവ് (ഇന്ധനങ്ങളുടെ മിശ്രിതം) നിറച്ച കുപ്പി റൈഷ്ടാഗിലേയ്ക്ക് എറിഞ്ഞത്. റൈഷ്ടാഗിന്റെ ടിയര്‍ഗാര്‍ട്ടന്‍ റോഡിലേയ്ക്കുള്ള മുഖഭാഗത്താണ് കുപ്പിയെറിഞ്ഞത്. കുപ്പി പൊട്ടിത്തെറിച്ച് ചെറിയ തോതില്‍ തീപിടിക്കുകയും സ്വയം തീയണയുകയും ചെയ്തതല്ലാതെ തീയാളിപടരുകയോ ആളപായമോ സംഭവിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ടിയര്‍ഗാര്‍ട്ടന്‍ റോഡിലാണ് ഇന്ത്യന്‍ എംബസിയും സ്ഥിതിചെയ്യുന്നത്.

അക്രമിയുടെ ഉദ്ദേശലക്ഷ്യം അറിവായിട്ടില്ല. രാഷ്ട്രീയ പകയെന്നു പോലീസ് സംശയിക്കുന്നു. മെര്‍ക്കല്‍ സര്‍ക്കാരിനെതിരെ ആരോപണവും ആക്രോശവുമടങ്ങിയ ലഘുലേഖയും റൈഷ്ടാഗിനടത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം ജര്‍മനിയുടെ പാര്‍ലമെന്റ് സുരക്ഷയെ കരുതി വിദേശികളുടെ പ്രത്യേകിച്ച് ബാല്‍ക്കണ്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടുന്ന നിയമത്തിന് അനുമതി നല്‍കിയിരുന്നു

ലോകപ്രശസ്തമായ പാര്‍ലമെന്റ് മന്ദിരത്തിന് പോലീസ് ഇപ്പോള്‍ കനത്ത സുരക്ഷ നല്‍കിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍