ലോകകപ്പില്‍ താരമായ വാനിഷിംഗ് സ്പ്രേ ജര്‍മനിയില്‍ നിരോധിച്ചു
Saturday, September 27, 2014 8:00 AM IST
ബര്‍ലിന്‍: ബ്രസീലില്‍ നടന്ന ഇക്കഴിഞ്ഞ ഫിഫാ ഫുട്ബോള്‍ ലോകകപ്പിലെ അപ്രതീക്ഷിതമായൊരു താരോദയമായിരുന്ന വാനിഷിംഗ് സ്പ്രേ. ഫ്രീ കിക്കുകള്‍ എടുക്കുമ്പോള്‍ പന്ത് എവിടെ വയ്ക്കണമെന്നും പ്രതിരോധിക്കാനുള്ള കളിക്കാര്‍ എത്ര അകലം പാലിക്കണമെന്നുമൊക്കെ മാര്‍ക്ക് ചെയ്യാന്‍ റഫറിമാരെ ഈ 'പതവര' സഹായിച്ചിരുന്നു.

ലോകകപ്പില്‍ ഇതിന്റെ പ്രയോജനങ്ങള്‍ വ്യക്തമായ സാഹചര്യത്തില്‍ ജര്‍മനിയിലെ ബുണ്ടസ് ലിഗയിലും ഇത് സ്വീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇപ്പോഴത്തെ രീതിയില്‍ ഈ ഉത്പന്നം ജര്‍മനിയില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് രാജ്യത്തെ ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് വാച്ച്ഡോഗായ ടിയുവി(ട്യുഫ്) പറയുന്നത്.

ഈ സ്പ്രേ കളിക്കാരുടെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതയാണ് ടിയുവി മുന്നോട്ടുവയ്ക്കുന്നത്. ഇതില്‍നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 33 ശതമാനമാണ്. അനുവദനീയമായ പരിധിയിലും വളരെ കൂടുതലാണിത്. അര്‍ജന്റീനയില്‍ നിര്‍മിക്കുന്ന ഈ ഉത്പന്നം അപായ മുന്നറിയിപ്പൊന്നും പായ്ക്കിംഗില്‍ രേഖപ്പെടുത്തുന്നില്ല. കൂടാതെ അളവു പോലും വ്യക്തമാക്കുന്നില്ല.

ടിയുവി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍, മുന്‍ തീരുമാനം അനുസരിച്ച് അടുത്ത മാസം പതിനേഴ് മുതല്‍ ഇത് ബുണ്ടസ് ലിഗയില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. അനുമതി കൂടാതെ ഉപയോഗിച്ചാല്‍ റഫറിമാര്‍ക്ക് മേല്‍ പിഴ ചുമത്താനും ജര്‍മനിയില്‍ വകുപ്പുണ്ട്. എന്നാല്‍ ഈ നിരോധനത്തിനെതിരെ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷനോ (ഡിഎഫ്ബി), ഫിഫായോ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍