ജര്‍മന്‍ പൌരന്മാര്‍ക്ക് വിദേശകാര്യവകുപ്പിന്റെ മുന്നറിയിപ്പ്
Saturday, September 27, 2014 7:52 AM IST
ബര്‍ലിന്‍: ജര്‍മന്‍ പൌരന്മാര്‍ ടൂറിസ്റുകളായി വിദേശരാജ്യങ്ങളില്‍ യാത്രചെയ്യുന്നതിന്റ മുന്നറിയിപ്പുമായി ജര്‍മന്‍ വിദേശകാര്യവകുപ്പ് പത്രകുറിപ്പിറക്കി.

ഇസ്ലാമിക് ഭീകരന്മാര്‍ പ്രവര്‍ത്തനക്ഷമരായ ആഫ്രിക്ക, ഏഷ്യ, മിഡില്‍ഈസ്റ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലേയ്ക്കു പോകുന്ന ടൂറിസ്റുകളെ ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭീകര ഗ്രൂപ്പുകള്‍ ജര്‍മന്‍ ടൂറിസ്റുകളെ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കാന്‍ സാധ്യതയേറെയാണെന്നും ചിലപ്പോള്‍ ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. അടുത്തിടെ രണ്ടു ജര്‍മന്‍ ടൂറിസ്റുകളെ ഫിലിപ്പൈന്‍സില്‍ ഭീകരര്‍ ബന്ധികളാക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യവകുപ്പിന്റെ മുന്നറിയിപ്പ്.

നിലവില്‍ ജര്‍മനി ഇറാക്കിനെ കൂടുതല്‍ സഹായിക്കുന്നതിന്റെ പേരില്‍ ഐഎസ് ഭീകരര്‍ ടൂറിസ്റുകളായ ജര്‍മന്‍കാരെ വേട്ടയാടുമെന്നും ജര്‍മനി ഭയക്കുന്നു.

നൈജീരിയ, യെമന്‍, പാകിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളും മുന്നറിയിപ്പ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍