ടോണ്ടനില്‍ ഓണാഘോഷം പ്രൌഡഗംഭീരമായി
Friday, September 26, 2014 7:34 AM IST
ടോണ്ടന്‍: ടോണ്ടന്‍ മലയാളി അസോസയേഷന്റെ നേതൃത്വത്തില്‍ (ടിഎംഎ) വര്‍ഷം തോറും നടത്തിവരാറുള്ള ഓണാഘോഷം ഗൃഹാതുരസ്മരണകളോടെ പ്രൌഡഗംഭീരമായി ആഘോഷിച്ചു

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആരംഭിച്ച ഓണാഘോഷം മഹാബലിയായി വേഷമിട്ട ബിനീഷ് ഡേവിഡും ഇ.ജെ മാത്യുവും സൂസണ്‍ മാത്യൂസും ചേര്‍ന്ന് ദീപം തെളിച്ചതോടെ ആരംഭമായി. കലാ, കായിക മത്സരങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ആവേശം ഉണര്‍ത്തിയ വടംവലി സ്ത്രീകളുടെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി.

വൈകുന്നേരം നടന്ന കലാവിരുന്നും ഓണസദ്യയും ഇതര ഭാഷാ സംസാരിക്കുന്നവരുടെ സാന്നിധ്യംകൊണ്ട് ധന്യമായി. വൈകുന്നേരം ആറു മുതല്‍ വെല്ലിംഗ്ടണ്‍ ഡിആന്‍ഡ് ജെ ബീറ്റ്സിന്റെയും കേരള ബീറ്റ്സിന്റെയും ഗാനമേള ഏവര്‍ക്കും സംഗീതവിരുന്നായി.

മത്സരവിജയികള്‍ക്ക് മുതിര്‍ന്ന അംഗം ഐസക് ചാക്കോ സമ്മാനദാനം നടത്തി. ഡോ. രമ അജിത് ആശംസ നേര്‍ന്നു. ആഘോഷകമ്മിറ്റി കോഓര്‍ഡിനേറ്റര്‍ വി.എസ് സുധാകരന്‍ സ്വാഗതവും ടിഎംഎ സെക്രട്ടറി ഡെന്നീസ് വി. ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.

ഓണാഘോഷ പരിപാടികള്‍ക്ക് കോഓര്‍ഡിനേറ്റര്‍ റോഷന്‍ കൊല്ലാറാത്ത്, ജെറിന്‍ ജേക്കബ്, ജിതേഷ് പണിക്കര്‍, ബിജു പാച്ചൂരാന്‍ എന്നിവര്‍ നേതൃത്വും നല്‍കി.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്