മാഞ്ചസ്റ്റര്‍ സെന്റ്് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓണം ആഘോഷിച്ചു
Friday, September 26, 2014 6:08 AM IST
മാഞ്ചസ്റര്‍: സെന്റ് ജോര്‍ജ് ഇടവകയില്‍ ഈ വര്‍ഷത്തെ ഓണാഘോഷം പ്രൌഡഗംഭീരമായി ആഘോഷിച്ചു. രാവിലെ 10.30 ന് താലപൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി മഹാബലിയെ സ്വീകരിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ നിലവിളക്ക് തെളിച്ച് കലാ, കായിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഒരു നല്ല ഓണം ഇടവക വികാരി ഫാ. വര്‍ഗീസ് മാത്യു ആശംസിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന കാര്‍ത്തികേയന്‍ ഓണ സന്ദേശം നല്‍കി.

തുടര്‍ന്ന് ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കലാ, കായിക മത്സരങ്ങള്‍ നടന്നു. വടംവലി, കസേരകളി തുടങ്ങിയ ഇനങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ഇടവക അംഗങ്ങള്‍ സ്വാദിഷ്ടമായ ഓണസദ്യ കേരളത്തനിമയില്‍ ഒരുക്കിയിരുന്നു. ചടങ്ങില്‍ ബൈജു ജോര്‍ജ് സ്വാഗതവും ജിനോജ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍