തട്ടം നിരോധിക്കാന്‍ മതാചാരപ്രകാരം തൊഴിലുടമയ്ക്ക് അധികാരം: ജര്‍മന്‍ കോടതി
Thursday, September 25, 2014 8:51 AM IST
ബര്‍ലിന്‍: മതാചാരപ്രകാരമുള്ള വസ്ത്രധാരണം തൊഴിലാളിക്ക് ചില സാഹചര്യങ്ങള്‍ അനുവദനീയമാകുന്നതുപോലെ തന്നെ, തൊഴിലുടമയുടെ മതാചാരമനുസരിച്ച് തൊഴിലാളികളുടെ വസ്ത്രധാരണത്തില്‍ നിബന്ധന വയ്ക്കാനും സാധിക്കുമെന്ന് ജര്‍മനിയിലെ ഉന്നത എംപ്ളോയ്മെന്റ് കോടതി.

മുസ്ലിം ജീവനക്കാരികള്‍ തട്ടമിട്ട് ജോലിക്കു വരുന്നതു നിരോധിച്ച ക്രിസ്റ്റ്യന്‍ ആശുപത്രിയുടെ നടപടി ശരിവയ്ക്കുന്നതാണ് ഉത്തരവ്. തട്ടമിടാന്‍ അനുമതി ആവശ്യപ്പെട്ട് മുപ്പത്താറുകാരിയായ നഴ്സാണ് കോടതിയെ സമീപിച്ചത്.

പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ തന്നെ തട്ടമിട്ട് ജോലി ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും നഷ്ടപരിഹാരമൊന്നും നല്‍കിയില്ലെന്നും ഹര്‍ജിക്കാരി പരാതിപ്പെട്ടിരുന്നു. എന്നാല്‍, മാനേജ്മെന്റിന്റെ മതവിശ്വാസപ്രകാരമാണ് തട്ടം നിരോധിച്ചതെന്ന വാദമാണ് കോടതി അംഗീകരിച്ചത്.

ക്രൈസ്തവ സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ക്രൈസ്തവ മതം പിന്തുടരണമെന്നില്ല. എന്നാല്‍, അവര്‍ വസ്ത്രധാരണത്തിലും മറ്റും സന്തുലനം പാലിക്കുകയെങ്കിലും ചെയ്യണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, തൊഴിലാളികള്‍ക്ക് ജനങ്ങളുമായി നേരില്‍ ബന്ധമില്ലാത്ത സാഹചര്യമാണെങ്കില്‍ ഇത്തരം നിബന്ധനകള്‍ക്ക് അര്‍ഥമില്ലെന്നും കോടതി കൂട്ടിച്ചേര്‍ക്കുന്നു.

കീഴ്ക്കോടതിയില്‍ യുവതിക്ക് നഷ്ടപരിഹാരം അനുവദിച്ചിരുന്നതാണ്. ഇതിനെതിരേയാണ് ആശുപത്രി മാനേജ്മെന്റ് എംപ്ളോയ്മെന്റ് കോടതിയെ സമീപിച്ചത്. ഇനി ഭരണഘടനാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് യുവതിയുടെ അഭിഭാഷകന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍