ദശാബ്ദി വര്‍ഷത്തില്‍ ആഷ്ഫോര്‍ഡ് മലയാളികളുടെ ഓണാഘോഷം വര്‍ണാഭമായി
Tuesday, September 23, 2014 7:48 AM IST
ആഷ്ഫോര്‍ഡ് (ലണ്ടന്‍): ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (എഎംഎ) പത്താമത് ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ശനി രാവിലെ ഒമ്പതിന് അത്തപൂക്കളമത്സരത്തോടെ ആരംഭിച്ച പരിപാടികല്‍ രാത്രി പത്തോടെ സമാപിച്ചു.

പൂക്കളമത്സരത്തോടനുബന്ധിച്ച് നിരവധി ടീമുകള്‍ ഒരുക്കിയ പൂക്കളങ്ങള്‍ വര്‍ണാഭമായിരുന്നു. തുടര്‍ന്നു നടത്തിയ പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരങ്ങള്‍ വാശിയേറിയതും ആവേശം ഉണര്‍ത്തുന്നതുമായിരുന്നു. അഞ്ചു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

വിഭവസമൃദ്ധമായ ഓണസദ്യയെതുടര്‍ന്ന് പ്രസിഡന്റ് ജോണ്‍സണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിലേക്ക് മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. മാവേലിയായി ആഷ്ഫോര്‍ഡിലെ മാവേലി എന്നറിയപ്പെടുന്ന ജോജി കോട്ടയ്ക്കല്‍ വേഷമിട്ടു.

കഴിഞ്ഞ പത്തുവര്‍ഷമായി ആഷ്ഫോര്‍ഡില്‍ നടത്തുന്ന ഓണാഘോഷങ്ങള്‍ പുതുതലമുറയ്ക്ക് മലയാളികളുടെ ഇടയില്‍ ഓണത്തിന് എത്രമാത്രം പ്രസക്തിയുണ്െടന്ന് വെളിവാക്കുന്നതായിരുന്നുവെന്ന് ജോണ്‍സണ്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ദശാബ്ദി ആഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തെ അസോസിയേഷന്‍ ഭാരവാഹികളെ സാംസ്കാരികസമ്മേളനത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ആഷ്ഫോര്‍ഡിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത കലാപരിപാടികള്‍ കലാമൂല്യമുള്ളതും വളരെ മികവുറ്റതും വ്യത്യസ്തത പുലര്‍ത്തുന്നതുമായിരുന്നു.

മലയാളി മങ്കമാരുടെ തിരുവാതിരയോടെ ഉണര്‍ന്ന അരങ്ങില്‍ നിരവധി സിനിമാറ്റിക് ഡാന്‍സുകളും ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന തുടങ്ങിയ നൃത്തങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന സ്കിറ്റുകള്‍ എന്നിവ അരങ്ങേറി.

തിരുവോണം 2014 നോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും കലാമത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

ഓണാഘോഷങ്ങളുടെ വിജയത്തിനായി സെക്രട്ടറി ജോമോന്‍, ട്രഷറര്‍ റെനി, വൈസ് പ്രസിഡന്റ് രാജീവ്, ജോ. സെക്രട്ടറി ജോമോള്‍, കമ്മിറ്റി അംഗങ്ങളായ ബിനു, എബി, ബോബി, ജോജി, സുബിന്‍, ബൈജു, സോജന്‍, ബര്‍ലിന്‍, ലിജു, ജെസ്നി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.