നികുതിയടച്ചു, ഹോനസിന്റെ ജയില്‍ ശിക്ഷയില്‍ ഇളവ്
Tuesday, September 23, 2014 7:45 AM IST
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് ഫുട്ബോള്‍ ക്ളബിന്റെ മുന്‍ പ്രസിഡന്റ് യൂലി ഹോനസ് നികുതി വെട്ടിപ്പ് കേസില്‍ പിഴയടച്ച് ശിക്ഷയുടെ ദൈര്‍ഘ്യം കുറച്ചു. മുപ്പതു മില്യന്‍ യൂറോയാണ് ജര്‍മനിയുടെ മുന്‍ ഫുട്ബോള്‍ താരം കൂടിയായ അദ്ദേഹം അടച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരു ദിവസത്തെ പരോളും കിട്ടി.

രണ്ട് ഗഡുക്കളായി ഇത്രയും തുക അടച്ചതോടെ ബവേറിയയില്‍ പുതിയൊരു റിക്കാര്‍ഡും സൃഷ്ടിക്കപ്പെട്ടു. സ്വകാര്യ വ്യക്തികള്‍ സ്റേറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക നികുതി ഇനത്തില്‍ പിഴയടയ്ക്കുന്നത്.

അതേസമയം, ഹോനസ് യഥാര്‍ഥത്തില്‍ വെട്ടിച്ചത് എത്ര യൂറോയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 28.5 മില്യന്റെ കാര്യം അദ്ദേഹം വിചാരണവേളയില്‍ സമ്മതിച്ചിരുന്നു. ഇതിന്റെ ഏഴു ശതമാനം പലിശയും മുന്‍കാലങ്ങളിലെ വെട്ടിപ്പും സഹിതം ആകെ നാല്‍പ്പതു മില്യനെങ്കിലും വരുമെന്നാണ് അനൌദ്യോഗിക കണക്ക്.

42 മാസത്തെ തടവുശിക്ഷ കഴിഞ്ഞ ജൂണ്‍ ആദ്യമാണ് ഹോനസ് അനുഭവിച്ചുതുടങ്ങിയത്. പിഴയടച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇതിന്റെ പകുതിയോളമേ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വരൂ എന്ന് അഭിഭാഷകന്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍