റെയ്നര്‍ മരിയ വോല്‍കി കൊളോണ്‍ ആര്‍ച്ച്ബിഷപായി സ്ഥാനമേറ്റു
Monday, September 22, 2014 8:16 AM IST
കൊളോണ്‍: റെയ്നര്‍ മരിയ വോല്‍കി കൊളോണ്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി സ്ഥാനമേറ്റു. കൊളോണ്‍ കത്തീഡ്രലില്‍ സെപ്റ്റംബര്‍ 20 ന് (ശനി) രാവിലെ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്നര്‍, കൊളോണ്‍ നഗരസഭാ മേധാവികള്‍, വൈദിക പ്രമുഖര്‍ കാര്യാലയത്തിലെ ഉന്നത വ്യക്തികള്‍ ഉള്‍പ്പെടെ ഏതാണ്ട് അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ഉള്‍പ്പടെ നിരവധി മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ബര്‍ലിന്‍ അതിരൂപതയുടെ ചുമതലയില്‍ നിന്നാണ് കര്‍ദിനാള്‍ റെയ്നര്‍ മരിയ കൊളോണിലേക്കു വരുന്നത്. ഒരേ രാജ്യത്താണെങ്കിലും തികച്ചും വ്യത്യസ്തമാണ് ബര്‍ലിനും കൊളോണുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ജോലി ഒന്നു തന്നെയാണെങ്കിലും ചുമതലകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.

പത്തു വര്‍ഷം മുമ്പ് പാപ്പരായി, നിലനില്‍പ്പിന് മറ്റു രൂപതകളുടെ സാമ്പത്തിക സഹായം തേടിയിരുന്നു ബര്‍ലിന്‍ അതിരൂപത. അങ്ങനെയൊരു പശ്ചാത്തലത്തില്‍ അവിടെ അധികാരമേറ്റ കര്‍ദിനാള്‍ റെയ്നര്‍ മരിയ സ്ഥാനമൊഴിയുമ്പോള്‍ അതിരൂപതയ്ക്ക് നൂറു മില്യന്‍ യൂറോയുടെ വരുമാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഏകദേശം 785 മില്യന്‍ യൂറോയാണ് കൊളോണ്‍ അതിരൂപതയുടെ വരുമാനം.

ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ അതിരൂപതകളിലൊന്നാണ് കൊളോണ്‍ അതിരൂപത. സന്നദ്ധ പ്രവര്‍ത്തനവും പങ്കുവയ്ക്കലും പ്രോത്സാഹിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയമാണ് താന്‍ പിന്തുടരാന്‍ പോകുന്നതെന്ന് പുതിയ ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഏറെ കൈയടിയോടെയാണ് പങ്കെടുക്കാനെത്തിയ വിശ്വാസികള്‍ സ്വീകരിച്ചത്. തുറന്ന മനസോടെ സുതാര്യമായ അജപലനമാണ് തന്റെ മുന്നിലുള്ള ദൌത്യമെന്ന് വൈദിക ശ്രേഷ്ഠനായ ബിഷപ് അറിയിച്ചു.

കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്നര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് കുറെ നാളുകളായി ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ രണ്ടു മില്യന്‍ കത്തോലിക്കരാണ് കൊളോണ്‍ അതിരൂപതയില്‍ ഉള്ളത്. കത്തോലിക്കാ സഭയുടെ രാജകുമാരന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ പ്രായം കുറഞ്ഞ കര്‍ദ്ദിനാളന്മാരില്‍ ഒരാളാണ് ജര്‍മനിയില്‍ നിന്നുള്ള റെയ്നര്‍ മരിയാ വോല്‍ക്കി. 1956 ഓഗസ്റ് 18 ന് കൊളോണില്‍ ജനിച്ച ഇദ്ദേഹം കൊളോണ്‍ അതിരൂപതയുടെ തൊണ്ണൂറ്റിയഞ്ചാമത്തെ ആര്‍ച്ച്ബിഷപ്പാണ്.

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇദ്ദേഹത്തെ കര്‍ദ്ദിനാളാക്കിയത്. 2011 ജൂലൈ രണ്ടിനാണ് ഇദ്ദേഹത്തെ ബര്‍ലിന്‍ ആര്‍ച്ച്ബിഷപായി നിയമിച്ചത്. 2011 ല്‍ മാര്‍പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ മുഖ്യചുമതല ഇദ്ദേഹത്തിനായിരുന്നു. ചടങ്ങിനെത്തിയവര്‍ക്ക് അതിരൂപത ലഘുഭഷണവും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍