കൈരളി നികേതന്‍ സ്കൂളിന്റെ പുതിയ പാഠപുസ്തകം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പ്രകാശിപ്പിക്കും
Monday, September 22, 2014 5:48 AM IST
വിയന്ന: ഓസ്ട്രിയയിലെ മലയാളികളുടെ പാഠശാലയായ കൈരളി നികേതന്‍ സ്കൂളിന് ഇനിമുതല്‍ സ്വന്തം പേരില്‍ പാഠപുസ്തകം. സ്കൂളിന്റെ ലോഗോയും വിവരങ്ങളും നല്‍കി കേരളത്തില്‍ നിന്നും പ്രിന്റ് ചെയ്ത വരുത്തിച്ച പുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് സെപ്റ്റംബര്‍ 27ന് (ശനി) മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വിയന്നയില്‍ പുറത്തിറക്കും. എബെന്‍ഡോര്‍ഫര്‍ സ്ട്രാസെ 8ല്‍ വൈകുന്നേരം 4.30 ന് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടക്കും.

മലയാളം പാഠാവലി എന്ന പേര് നല്‍കിയിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഏറ്റുവാങ്ങാനായി സ്കൂളിന്റെ ചുമതലയുള്ള ഐസിസി വിയന്നയുടെ അസിസ്റന്റ്റ് ചാപ്ളെയിന്‍ ഫാ. ജോയി പ്ളാതോട്ടത്തില്‍ ചടങ്ങില്‍ പങ്കെടുക്കും.

പുതിയ ചുവടുവയ്പുകളുമായി മുന്നേറുന്ന കൈരളി നികേതന് ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ വികാരിയും സ്കൂളിന്റെ രക്ഷാധികാരിയുമായ ഫാ. തോമസ് താണ്ടപ്പിള്ളി ആശംസകള്‍ അറിയിച്ചു. സ്കൂളിന് ലഭിക്കുന്ന സ്വീകാര്യതയും വിയന്ന മലയാളികള്‍ കൂടുതലായി കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ മുന്നോട്ടു വന്നതുമാണ് സ്വന്തമായി പാഠപുസ്തകം തയാറാക്കാന്‍ സ്കൂള്‍ ഭാരവാഹികളെ പ്രേരിപ്പിച്ചത്. പാഠാവലിയുടെ പ്രകാശന ചടങ്ങിലേയ്ക്ക് മുഴുവന്‍ മാതപിതാക്കളെയും കമ്മിറ്റി അംഗങ്ങളെയും സ്കൂള്‍ ഭാരവാഹികള്‍ ക്ഷണിച്ചു.

സെപ്റ്റംബര്‍ 13ന് ആരംഭിച്ച പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് ഈ മാസം അവസാനം വരെ കുട്ടികളെ ചേര്‍ക്കാവുന്നതാണ്. അതേസമയം ഈ വര്‍ഷം മുതല്‍ മലയാളി കുട്ടികള്‍ക്കായി കാലിയോഗ്രഫി (എഴുത്തുകല) ക്ളാസുകള്‍ പുതുതായി തുടങ്ങും. ചിത്രകലാധ്യാപകന്‍ ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. എഴുത്തുകലയില്‍ മലയാളികള്‍ക്കുവേണ്ടി യുറോപ്പില്‍ ഇത്തരത്തിലുള്ള ഒരു ചുവടുവയ്പ് ഇതാദ്യമാണ്. മലയാളം ക്ളാസുകള്‍ക്ക് പുറമേ, ചിത്ര രചന, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ വിഷയങ്ങളും സകൂളില്‍ പഠിപ്പിക്കുന്നുണ്ട്.

എല്ലാ ശനിയാഴ്ചയും ഉച്ച കഴിഞ്ഞ് ഒന്നു മുതല്‍ അഞ്ചുവരെ വിയന്നയിലെ നിയമസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള എബെന്‍ഡോര്‍ഫര്‍ സ്ട്രാസെ 8ലാണ് ക്ളാസുകള്‍. കൈരളി നികേതന്‍ സ്കൂളിന്റെതായി എല്ലാ വര്‍ഷവും യുവജനോത്സവും സംഘടിപ്പിച്ചു വരുന്നു. ഓസ്ട്രിയയില്‍ മലയാളി കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടക്കുന്ന ഏറ്റവും വലിയ കലാമേളയായിട്ടാണ് ഇത് അറിയപ്പെടുന്നത്.

സ്കൂളില്‍ ചേര്‍ന്ന് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താത്പര്യമുള്ളവര്‍ക്ക് ഐസിസി വിയന്നയുടെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ ഐസിസിയുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ഫോറവും ഫീസും സെപ്റ്റംബര്‍ 27നോ അതിനോ മുമ്പായോ സ്കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കണമെന്ന് സ്കൂള്‍ കണ്‍വീനര്‍ ജോഷിമോന്‍ എറണാകേരില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി