വിയര്‍പ്പ് കൊണ്ട് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാം
Monday, September 15, 2014 9:08 AM IST
ഫ്രാങ്ക്ഫര്‍ട്ട്: മനുഷ്യ ശരീരത്തിലെ വിയര്‍പ്പുകൊണ്ട് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാമെന്ന് കാലിഫോര്‍ണിയായിലെ വെന്‍ഴാവോ ജിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം നടത്തി ഫലം കണ്ടത്. ടാറ്റുവിന്റെ രൂപത്തിലുള്ള ഒരു കുഞ്ഞ് ബാറ്ററി ചാര്‍ജറാണ് ഇതിനായി ഉപയോഗിച്ചത്. വ്യായാമത്തിലൂടെയും മറ്റ് കഠിനാധ്വാനത്തിലൂടെയും ഉണ്ടാകുന്ന വിയര്‍പ്പ് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നു. ബയോബാറ്ററിയാണ് വിയര്‍പ്പിലെ ലാക്ടേറ്റിനെ ഇലക്ട്രോണാക്കുന്നത്.

ശാരീരിക ക്ഷമത കുറഞ്ഞവര്‍ വ്യായാമം ചെയ്യുമ്പോഴാണ് കൂടുതല്‍ ചാര്‍ജുണ്ടാകുന്നതെന്ന് ഈ ശാസ്ത്രജ്ഞര്‍ കണ്െടത്തി. വ്യായാമം കുറവായതിനാല്‍ ഇവരില്‍ ഫാറ്റ് കൂടുതല്‍ അടിഞ്ഞുകൂടുന്നു അങ്ങനെ ഇവര്‍ കൂടുതല്‍ വിയര്‍ക്കുകയും അതില്‍ നിന്ന് ലാക്ടേറ്റ് കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് വികസിപ്പിച്ച് എടുക്കുമ്പോഴേക്കും കറണ്ടില്ലെങ്കിലും സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാം. അതും ഒട്ടും വില നല്‍കാതെ ലഭിക്കുന്ന വിയര്‍പ്പ് തുള്ളി ഉപയോഗിച്ച്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍