റോം ഇടവക മരിയ മജോറെയില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു
Friday, September 12, 2014 7:10 AM IST
റോം: ആയിരങ്ങള്‍ പങ്കെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് മോണ്‍. സ്റീഫന്‍ ചിറപ്പണത്ത് കൊടിയേറ്റി. പ്രസുദേന്തി വാഴിക്കല്‍, ലദീഞ്ഞ് എന്നീ കര്‍മ്മങ്ങള്‍ക്കുശേഷം എറണാകുളം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാന നടന്നു. മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. വത്തിക്കാനില്‍ നിന്നും മോണ്‍. പിയര്‍ പൌളോ തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. 75 ഓളം പ്രസുദേന്തിമാര്‍ ദേവാലയത്തിന്റെ മുന്‍ നിരയില്‍ അണി നിരന്നപ്പോള്‍ തൊട്ടു പുറകില്‍ മാതൃജ്യോതി അമ്മമാരും ഇടവകയിലെ മുഴുവന്‍ വിശ്വാസികളും ബസിലിക്ക നിറഞ്ഞു കവിഞ്ഞു. പ്രത്യേകം തയാറെടുത്ത ഗായകസംഘം തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു നടന്ന പ്രദക്ഷിണത്തില്‍ സ്ളീവ കുരിശ്, സ്വര്‍ണകുരിശ്, വെള്ളി കുരിശുകള്‍, കൂറ്റന്‍ ജപമാല, നാടന്‍ ചെണ്ട മേളം ബാന്‍ഡ് സെറ്റ് എന്നിവയുടെ അകമ്പടിയോടുകൂടി മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വിശ്വാസികളും മെത്രാന്മാരും പിന്തുടര്‍ന്നു.

രൂപം വണങ്ങുന്നിടത്തും നേര്‍ച്ച സ്വീകരിക്കുന്നിടത്തും മുന്‍ കാലങ്ങളെക്കാളും വളരെ തിരക്ക് അനുഭവപ്പെട്ടു. തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ലിറ്റര്‍ജി, പ്രദക്ഷിണം, ലഘു ഭക്ഷണം നേര്‍ച്ച വിതരണം എന്നീ കാര്യങ്ങള്‍ക്ക് വേണ്ടി 101അംഗ ആഘോഷ കമ്മറ്റിയും മാതൃജ്യോതി അംഗങ്ങളേയും തെരഞ്ഞെടുത്തിരുന്നു.

ഓണത്തിന്റെ ഓര്‍മ പുതുക്കാന്‍ പള്ളി അങ്കണത്തില്‍ മാതൃജ്യോതി കേരളത്തനിമ അറിയിക്കുന്ന തിരുവാതിര നൃത്തവും സംഘടിപ്പിച്ചിരുന്നു. റോം ഇടവക വികാരി മോണ്‍. സ്റീഫന്‍ ചിറപ്പണത്തും അസി. വികാരി ഫാ.ബിജു മുട്ടത്തുകുന്നേലും തിരുനാള്‍ രക്ഷാധികാരികളായിരുന്നു.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍