കൂട്ടായ്മയുടെ ഉത്സവമായി കോതമംഗലം കുടുംബയോഗത്തിന്റെ ഓണാഘോഷം
Thursday, September 11, 2014 8:03 AM IST
വിയന്ന: ഒരുമയുടെ ഉത്സവമായി യുറോപ്പില്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. വിയന്നയിലെ കോതമംഗലം കുടുംബയോഗത്തിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ വര്‍ണാഭമായി. കൂട്ടായ്മയിലെ അംഗങ്ങള്‍ കുടുംബസമേതം പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നതും അംഗങ്ങള്‍ ഒരുമിച്ച് പൂക്കളമൊരുക്കിയതും ഹൃദ്യമായ കാഴ്ചയായി.

കുടുംബയോഗത്തിലെ മുതിര്‍ന്ന അംഗം വല്‍സകോര ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോഓര്‍ഡിനേറ്റര്‍ സണ്ണി കിഴക്കേശേരിയില്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. വിവിധ ഇനം ഓണകളികളും സംഘടിപ്പിച്ചു. നല്ല കാലത്തിന്റെ ഓര്‍മകളുടെ പുനരാവിഷ്കാരമായി ഓണത്തെ വരവേല്‍ക്കാനും പ്രവാസ ജീവിതത്തില്‍ ഒരു ഇടവേളയായി മാലോകരെല്ലാം ഒന്നാണെന്നും ഏകോദര സഹോദരങ്ങളാണെന്നുമുള്ള മഹത്തായ സന്ദേശവുമായി എത്തുന്ന ഓണം കോതമംഗലം കൂട്ടായ്മയ്ക്ക് സാഹോദര്യത്തിന്റെ സൌരഭ്യമായതായി കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഓണരുചികളുടെ അകമ്പടിയോടെ പതിനാറ് കൂട്ടം കറികളുമായി വിളമ്പിയ ഓണസദ്യ ഏറെ ആസ്വാദ്യകരമായി. അതേസമയം പുതുതലമുറയ്ക്ക് വിഭവസമൃദ്ധമായ സദ്യ നവ്യാനുഭവുമായി. ഓണകഥകളും പാട്ടുമായി സമാപിച്ച സമ്മേളനത്തില്‍ മനോജ് അവരപ്പാട്ട് നന്ദി പറഞ്ഞു. സിറില്‍ മനയാനിപ്പുറത്ത്, അവറാച്ചന്‍ കരിപ്പക്കാട്ട്, സിബി തെക്കേക്കര, റോയി മണ്ണപ്രായില്‍, ബേബി അവരപ്പാട്ട്, സ്റാന്‍ലി പതിപ്പള്ളില്‍, ജോഷി ചെറുക്കാട്, ബെന്നി കൊട്ടാരത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി