ഓണക്കോടി വിതരണവും വടംവലിമത്സരവുമായി എംഎംസിഎ ഓണാഘോഷം നടത്തി
Wednesday, September 3, 2014 5:46 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററിലെ മങ്കമാര്‍ക്കെല്ലാം ഓണപുടവ, വാശിയേറിയ വടംവലിമല്‍സരവും വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളുമായി ഏവര്‍ക്കും മറക്കാനാവാത്ത ഒരു ദിനമായി എംഎംസിഎയുടെ ഈ വര്‍ഷത്തെ ഓണാഘോഷം.

മാതൃത്വത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി എല്ലാം അമ്മമാര്‍ക്കും സൌജന്യമായി ഓണപുടവ വിതരണം ചെയ്തു. എംഎംസിഎ മലയാളി അസോസിയേഷനുകള്‍ക്ക് മികച്ച മാതൃകയായി.

നാട്ടില്‍ നിന്നു എത്തിച്ച ഇരുനൂറോളം സെറ്റ് സാരികളാണ് ഓണാഘോഷ വേളയില്‍ വിതരണം ചെയ്തത്. പുതിയ ഫാഷനില്‍ പ്രത്യേകം നിര്‍മിച്ച ഓണപുടവ കാര്‍ഗോ സര്‍വിസിലൂടെയാണ് മാഞ്ചസ്ററില്‍ എത്തിയത്.

രാവിലെ 10 മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ അത്തപൂക്കളം ഒരുക്കിയതോടെ ആഘോഷപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കമായി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നടന്ന മത്സരത്തെ തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരം നടന്നു.

ഇതിനുശേഷം തൂശനിലയില്‍ 18ഓളം വിഭവങ്ങളുമായി വിളമ്പിയ ഓണസദ്യ ഏവരും നന്നേ ആസ്വദിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ ആധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. കൌണ്‍സിലര്‍മാരായ എഡ്ഡി ന്യൂമാന്‍, ബ്രയന്‍ ഒ. നില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര തുടങ്ങിയവര്‍ സംയുക്തമായി ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വേദിയിലെത്തിയ മാവേലി ഏവരോടും കുശലാന്വേഷണം നടത്തിയശേഷമാണ് വേദിവിട്ടത്. തുടര്‍ന്ന് എംഎംസിഎ യൂത്ത് ആവതരിപ്പിച്ച വെല്‍ക്കംഡാന്‍സോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. പുലികളിയും വള്ളം കളിയും തിരുവാതിരയും ഫാഷന്‍ നൃത്തവിഷ്കാരങ്ങളും ഏവര്‍ക്കും മികച്ച വിരുന്നായി മാറി.

ഫാ. സജി മലയില്‍ പുത്തന്‍പുര അമ്മമാര്‍ക്കു യുവതികള്‍ക്കും ഓണപുടവ വിതരണം ചെയ്തു.

ഒണാഘോഷ പരിപടികളുടെ ഭാഗമായി സംഘടിപ്പിച്ച കലാ, കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍, മുന്‍ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, ആലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോ. സെക്രട്ടറി സാബു പുന്നൂസ് നന്ദി രേഖപ്പെടുത്തിയതോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. ഓണാഘോഷപരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍