ഷ്വൈന്‍സ്റൈഗര്‍ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍
Wednesday, September 3, 2014 5:45 AM IST
ബര്‍ലിന്‍: ബാസ്റ്യാന്‍ ഷ്വൈന്‍സ്റൈഗറെ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റനായി കോച്ച് ജോവാഹിം ലോ പ്രഖ്യാപിച്ചു.

ജര്‍മനിയുടെ ഫുട്ബോള്‍ ടീമില്‍ മധ്യനിരയിലെ ജനറല്‍ എന്നു വിശേഷിപ്പിക്കുന്ന ഷ്വൈന്‍സ്റൈഗറെ ദേശീയ ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു വിരമിച്ച ഫിലിപ്പ് ലാമിന്റെ ഒഴിവിലേയ്ക്കാണ് അവരോധിച്ചത്.

ഇക്കഴിഞ്ഞ ജൂണില്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മന്‍ ടീമിലെ അനിഷേധ്യനാണ് സെബാസ്റ്യന്‍ ഷ്വൈന്‍സ്റൈഗര്‍ എന്ന ഷ്വൈനി.

പരിചയസമ്പന്നനും ഇരുപത്തിയൊന്‍പതുകാരനുമായ ഷ്വൈവനിയുടട മികച്ച പ്രകടനങ്ങള്‍ ജര്‍മനിയെ എന്നും വിജയത്തിലെത്തിക്കുന്നു.

ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരനായ ഷ്വൈനി ജര്‍മന്‍ ദേശീയ ടീമില്‍ പത്തു വര്‍ഷം തികച്ചതിന്റെ ആഘോഷവും നടത്തിയിരുന്നു.

2014 ലെ ഫിഫാ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനിയെ 2016 ല്‍ നടക്കുന്ന യൂറോ കപ്പ് ഫുട്ബോളില്‍ ചാമ്പ്യന്മാരാക്കുമെന്ന് ക്യാപ്റ്റന്‍സി പ്രഖ്യാപനത്തിനുശേഷം ഷ്വൈനി പറഞ്ഞു.

രാജ്യന്തര തലത്തില്‍ 108 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഷ്വൈനിയുടെ മികവില്‍ ജര്‍മനി ഇനിയും കുതിപ്പ് തുടരുമെന്ന് കോച്ച് ലോ പറഞ്ഞു. ഇതുവരെ 23 ഗോളുകള്‍ നേടിയിട്ടുണ്ട്. ജര്‍മനിയുടെ അസിസ്റന്റ് കോച്ചായിരുന്ന ഹാന്‍സ് ഡീറ്റര്‍ ഫ്ളിെക്കിന് പകരം തോമസ് ഷ്നൈഡറെ ചീഫ് അസിസ്റന്റ് കോച്ചായും നിയമിച്ചു.

സെപ്റ്റംബര്‍ മൂന്നിന് (ബുധന്‍) ഡ്യൂസല്‍ഡോര്‍ഫില്‍ ലോകകപ്പ് ഫൈനലില്‍ ഏറ്റുമട്ടിയ ജര്‍മനിയും അര്‍ജന്റീനയും തമ്മില്‍ നടക്കുന്ന സൌഹൃദ മല്‍സരത്തില്‍ ജര്‍മന്‍ ടീം ഗോളി മാനുവല്‍ നൊയര്‍ ആയിരിക്കും ക്യാപ്റ്റന്‍. വൈകിട്ടാണ് മല്‍സരം നടക്കുന്നത്. സൂപ്പര്‍ താരം മെസിയുടെ സാന്നിധ്യമില്ലാതെയാണ് അര്‍ജന്റീനയുടെ ടീം കളത്തിലിറങ്ങുന്നത്. പരിക്ക് മെസിയെ മല്‍സരത്തില്‍ നിന്നും അകറ്റാന്‍ കാരണമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍