ലീഡ്സ് എട്ടുനോമ്പു തിരുനാളിന് കൊടിയേറ്റി
Monday, September 1, 2014 7:24 AM IST
ലണ്ടന്‍: ലീഡ്സ് രൂപതയുടെ വികാരി ജനറാള്‍ മോണ്‍ മൈക്കിള്‍ മക് ക്വിന്‍ കൊടിയേറ്റിയതോടെ ഈ വര്‍ഷത്തെ ലീഡ്സ് എട്ടുനോമ്പു തിരുനാളിന് തുടക്കമായി.

പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വെഞ്ചരിച്ച് പ്രതിഷ്ഠിച്ചതോടുകൂടി ഇനി എട്ടു നാള്‍ നീണ്ടുനില്‍ക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലെ അമ്മയുടെ സാന്നിധ്യത്തിന് ദൃശ്യമായ അടയാളമായി. നിത്യസഹായ മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥന ഏവരുടേയും ഹൃദയങ്ങളെ സ്വര്‍ഗീയ ആനന്ദത്തിലേക്കെത്തിച്ചു.

തുടര്‍ന്ന് അര്‍പ്പിച്ച ഇംഗ്ളീഷിലുള്ള സീറോ മലബാര്‍ ആഘോഷമായ പാട്ടുകുര്‍ബാന ഏവര്‍ക്കും ഒരു നവ്യാനുഭവമായി. പരി. കന്യകാമറിയം നന്മകളുടെയും പ്രത്യാശയുടെയും ഉറവിടമാണെന്ന് അമ്മയുടെ ജീവിതത്തെ അധികരിച്ച് നടത്തിയ പ്രസംഗത്തില്‍ മോണ്‍. മൈക്കിള്‍ ഓര്‍മപ്പെടുത്തി.

വി. കുര്‍ബാനയ്ക്കുശേഷം നടത്തിയ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.