ലിമയുടെ ഓണം സെപ്റ്റംബര്‍ 14ന്
Monday, September 1, 2014 7:23 AM IST
ലിവര്‍പൂള്‍ (ലണ്ടന്‍): സെപ്റ്റംബര്‍ 14ന് ലിവര്‍പൂളിലെ ആദ്യത്തെ മലയാളി അസോസിയേഷനായ ലിമയുടെ 'പൊന്നോണം 2014'നു തിരി തെളിയുമ്പോള്‍ ലിവര്‍പൂള്‍ മലയാളികള്‍ക്കായി കലയുടെ മാസ്മരിക ഭാവങ്ങളുമായി എത്തുന്നത് ലിവര്‍പൂളിലെ പ്രശസ്തമായ രണ്ട് നൃത്ത വിദ്യാലയങ്ങളിലെ കലാകാരികളായിരിക്കും.

ക്ളാസിക്കല്‍ നൃത്ത ഭാവങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ട് നൃത്ത പരിശീലനം നടത്തുന്ന ഏറെ പഴക്കമുള്ള സ്വാതി സ്കൂള്‍ ഓഫ് ഡാന്‍സില്‍ നൂറു കണക്കിനു ഇന്ത്യന്‍ വംശജരോടൊപ്പം നിരവധി വിദേശികളും നൃത്താഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും പുതുമയാര്‍ന്നതും മികവാര്‍ന്നതുമായ ശൈലിയില്‍ നൃത്തം അഭ്യസിച്ചിട്ടുള്ള സ്വദേശിയരും വിദേശിയരുമായുള്ള ഒരു പറ്റം കലാകാരികളാണു ഈ വര്‍ഷം ലിമയുടെ ഓണത്തിനു ചാരുതയേകാനെത്തുക. തുടക്കം മുതല്‍ ഒടുക്കം വരെ വ്യത്യസ്തങ്ങളായ ക്ളാസിക്കല്‍ രൂപങ്ങളൊരുക്കി സ്വാതി സ്കൂള്‍ ഓഫ് ഡാന്‍സ് കലയുടെ വര്‍ണകുടകള്‍ വിടര്‍ത്തുമ്പോള്‍ സിനിമാറ്റിക് ഡാന്‍സിന്റെ പൂരകാഴ്ചകളുമായി കാണികളുടെ മനം കവരാനെത്തുന്നത് ലിവര്‍പൂളിലെ മലയാളി കലാകാരികളായിരിക്കും. ലിവര്‍പൂളില്‍

മൂന്നിടങ്ങളില്‍ മലയാളികള്‍ക്ക് കലയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിക്കുന്ന സുനിത ടീച്ചറിന്റെ കുട്ടികള്‍ ഒരുക്കുന്ന ദൃശ്യ വിരുന്ന് എക്കാലവും ലിമയുടെ പ്രത്യേകത തന്നെയാണ്. രാവിലെ 11 ന് തുടങ്ങി രാത്രി എട്ടിന് അവസാനിക്കുന്ന ലിമയുടെ ഓണാഘോഷങ്ങള്‍ക്ക് ലിവര്‍പൂള്‍ ഒന്നടങ്കം എത്തിചേരുന്നത്

ലിമയുടെ പ്രോഗ്രാമുകളുടെ വൈവിധ്യം ഒന്നുകൊണ്ട് മാത്രമാണ്. പുതുമയാര്‍ന്ന പ്രോഗ്രാമുകള്‍ പ്രതീക്ഷിച്ചെത്തുന്ന കാണികള്‍ക്കായി ഇക്കൊല്ലവും ലിമയുടെ ഭാരവാഹികളും മറ്റ് കലാകാരന്മാരും ചേര്‍ന്നൊരുക്കുന്ന കലാപ്രകടനത്തിന്റെ അവസാനവട്ട റിഹേഴ്സലുകള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു.

ലിവര്‍പൂളിലെ കലാ,കായിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ എക്കാലവും ലിമ ആദരിക്കാറുണ്ട്. അതുകൊണ്ട് ഈ വര്‍ഷം ലിവര്‍പൂള്‍ ഏരിയയില്‍ ജിസിഎസ് 'എ' ലെവല്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റിന്റെ കോപ്പി സഹിതം ട്രഷറര്‍ സെബാസ്റ്യന്‍ ജോസഫിനേയോ, ദിനൂപിനെയോ ബന്ധപ്പെടേണ്ടതാണ്.
ലിവര്‍പൂളിലെ എല്ലാ മലയാളി കുടുംബങ്ങളെയും ലിമയുടെ ഓണാഘോഷങ്ങളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍