ഓസ്ട്രിയയില്‍ നാലിലൊരാള്‍ കാറോടിക്കുമ്പോള്‍ മെസേജ് അയയ്ക്കുന്നു
Friday, August 29, 2014 6:48 AM IST
വിയന്ന: കാറോടിക്കുമ്പോള്‍ 26 ശതമനം പേര്‍ മെസേജ് അയയ്ക്കുന്നു. ഓസ്ട്രിയയിലെ പ്രശസ്തമായ ഇന്‍ഷ്വറന്‍സ് ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മൂന്നിലൊരാള്‍ വീതം വാഹനം ഓടിക്കുന്നതിനിടയില്‍ മെസേജ്,വാട്സ് അപ്പ്, മെയില്‍ ഇവയിലേതെങ്കിലുമൊന്ന് വായിക്കുന്നു. കാര്‍ ഡ്രൈവര്‍മാരില്‍ 18 നും 29 നുമിടയില്‍ പ്രായമുള്ളവരില്‍ 26 ശതമാനം പേര്‍ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ 22 ശതമാനം പേര്‍ ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നവരാണ്.18 ശതമാനം പേര്‍ നാവിഗേഷന്‍ ടൈപ്പ് ചെയ്യുന്നു. 14 ശതമാനം പേര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നവരാണ്.

സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളായ ഡ്രൈവര്‍മാരില്‍ 47 ശതമാനം പേര്‍ ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നവരും 31 ശതമാനം പേര്‍ മെസേജുകള്‍ വായിക്കുന്നവരും 18നും 29 വയസിനുമിടയില്‍ പ്രായമുള്ള ഡ്രൈവര്‍മാരില്‍ 47 ശതമാനവും മെസേജ് ടൈപ്പുചെയ്യുന്നവരുടെ എണ്ണം 26 ശതമാനവും മൊബൈല്‍ ഹെഡ്സെറ്റ് ഇല്ലാതെ ഉപയോഗിക്കുന്നവരുടെ എണ്ണം 22 ശതമാനവുമാണ്.

നാവിഗേഷന്‍ ടൈപ്പ് ചെയ്യുന്നവര്‍ 18 ശതമാനവും ഫേസ്ബുക്ക്, ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ 14 ശതമാനവും ടെലഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ മേല്‍ വിലാസം തപ്പുന്നവര്‍ 13 ശതമാനവും, ഇന്റര്‍നെറ്റ് സൈറ്റുകകള്‍ തെരയുന്നവര്‍ 11 ശതമാനവും മറ്റു സ്മാര്‍ട്സ്ഫോണ്‍ ആപ്സുകള്‍ ഉപയോഗിക്കുന്നവര്‍ എട്ടു ശതമാനവും ഇന്റര്‍നെറ്റില്‍ മേല്‍വിലാസങ്ങള്‍ തെരയുന്നവര്‍ അഞ്ചു ശതമാനവുമാണ്.

ഓസ്ട്രിയന്‍ നിയമമനുസരിച്ച് റോഡില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതോ ഫോണില്‍ സംസാരിക്കുന്നതോ ശിക്ഷാര്‍ഹമാണ്. 50 യൂറോ പിഴയടക്കണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍