കൈരളി നികേതന്‍ സ്കൂള്‍ സെപ്റ്റംബര്‍ 13ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കും
Thursday, August 28, 2014 8:35 AM IST
വിയന്ന: വലിയ അവധിയുടെ കുളിര്‍മയില്‍ നിന്നും ഓസ്ട്രിയയിലെ മലയാളികളുടെ പാഠശാലയായ കൈരളി നികേതനും പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കും.

ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈരളി നികേതന്‍ മലയാളം സ്കൂളില്‍ 2014-15 അധ്യയന വര്‍ഷം സെപ്റ്റംബര്‍ 13ന് ആരംഭിക്കും. ഈ വര്‍ഷം മലയാളി കുട്ടികള്‍ക്കായി കാലിയോഗ്രഫി(എഴുത്തുകല) ക്ളാസുകള്‍ പുതുതായി തുടങ്ങും. ചിത്രകലാധ്യാപകന്‍ ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. എഴുത്തുകലയില്‍ മലയാളികള്‍ക്കുവേണ്ടി യുറോപ്പില്‍ ഇത്തരത്തിലുള്ള ഒരു ചുവടുവയ്പ് ഇതാദ്യമാണ്. മലയാളം ക്ളാസുകള്‍ക്ക് പുറമേ, ചിത്ര രചന, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ വിഷയങ്ങളും സകൂളില്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അഞ്ചുവരെ വിയന്നയിലെ നിയമസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള എബെന്‍ഡോര്‍ഫര്‍ സ്ട്രാസെ 8ലാണ് ക്ളാസുകള്‍ നടക്കുന്നത്.

മലയാളിയുടെ ഭാഷാ സംസ്കാരവും ഭാരതീയ പൈതൃകവും ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ മുഖ്യ രക്ഷാധികാരിയായി 1993ലാണ് വിയന്നയിലെ മലയാളി കുട്ടികള്‍ക്കായി കൈരളി നികേതന്‍ ആരംഭിച്ചത്. കുട്ടികളില്‍ സര്‍ഗവൈഭവം വളര്‍ത്തുന്നതിനും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൈരളി നികേതന്‍ കുട്ടികള്‍ക്കുവേണ്ടി യുവജനോത്സവം സംഘടിപ്പിച്ചുവരുന്നു. ഓസ്ട്രിയയില്‍ മലയാളി കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടക്കുന്ന ഏറ്റവും വലിയ കലാമേളയാണിത്.

സ്കൂളില്‍ ചേര്‍ന്ന് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13ന് മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കണമെന്ന് സ്കൂള്‍ കണ്‍വീനര്‍ ജോഷിമോന്‍ എറണാകേരില്‍ അറിയിച്ചു. ഐസിസി വിയന്നയുടെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി