അഭിഷേകാഗ്നിക്ക് സമാപനമായി
Tuesday, August 26, 2014 5:53 AM IST
ബെല്‍ഫാസ്റ്: ബെല്‍ഫാസ്റ് ഡൊമിനിക്കന്‍ കോളജില്‍ ബുധനാഴ്ച മുതല്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിച്ച അഭിഷേകാഗ്നി ധ്യാനത്തിന് തിങ്കളാഴ്ച സമാപനമായി. ആദ്യ മൂന്ന് ദിനങ്ങളില്‍ വൈകുന്നേരങ്ങളിലും ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയും നടന്ന ധ്യാനത്തില്‍ സംബന്ധിച്ച് അഭിഷേകാഗ്നിയില്‍ ജ്വലിച്ച് ആയിരത്തിലധികം വരുന്ന വിശ്വാസികള്‍ ആത്മനിര്‍വൃതി നേടി. ദുഃഖങ്ങളും ഭാരങ്ങളും ദൈവസന്നിധിയില്‍ ഇറക്കിവച്ച് വചനത്താല്‍ നിറഞ്ഞ് ആത്മാവില്‍ ജ്വലിച്ച് രോഗ സൌഖ്യങ്ങള്‍ നേടിയാണ് പലരും ഭവനങ്ങളിലേക്ക് മടങ്ങിയത്.

അയര്‍ലന്‍ഡില്‍ നിന്നും ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധ്യാനത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് ബെല്‍ഫാസ്റ് നിവാസികള്‍ തങ്ങളുടെ ഭവനങ്ങളില്‍ വാസമൊരുക്കിയിരിക്കുന്നു. ഫാ സേവ്യര്‍ഖാന്‍ വട്ടായിലിനോടൊപ്പം ബ്രദര്‍ താഞ്ചനും സെബിയും പ്രാര്‍ഥനാ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ധ്യാനം നടന്ന അഞ്ച് ദിവസങ്ങളിലും ഏഴ് കൌണ്‍സിലര്‍മാര്‍ മുഴുവന്‍ സമയവും കൌണ്‍സിലിംഗ് നടത്തി. യുവജനങ്ങളും മാതാപിതാക്കളും ഉള്‍പ്പെടെ ഇരുന്നൂറോളം വോളന്റിയേഴ്സ് ഈ ദിവസങ്ങളില്‍ സേവന സന്നദ്ധരായിരുന്നു. സമാപനദിവസ ദിവ്യബലിക്ക് ഡൌണ്‍ ആന്‍ഡ് കോണര്‍ രൂപത മെത്രാന്‍ ബിഷപ് നോയര്‍ ട്രെയ്നര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

കുട്ടികള്‍ക്കായി നടന്ന കിഡ്സ് ഫോര്‍ കിംഗ്ഡം ധ്യാനത്തില്‍ ഫാ. ജോസഫ് കറുകയില്‍ ദിവ്യബലി അര്‍പ്പിച്ചു. സമാപനത്തില്‍ദിനത്തില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വെരി റവ. ഫാ. ടോണ്‍ സെവ്ളിന്‍ കാര്‍മികത്വം വഹിച്ചു. ധ്യാന സമാപനത്തില്‍ വോളന്റിയേഴ്സിന്റെ സേവനത്തിനും കൈക്കാരന്മാരായ മോനച്ചന്‍, ലാലിച്ചന്‍, കുഞ്ഞുമോന്‍, സെലസ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ പ്രയത്നങ്ങള്‍ക്കും ഐലന്‍ഡ് സീറോ മലബാര്‍ സഭാ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ വെരി റവ. ഡോ. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍