വിയന്ന മലയാളികളുടെ 'ലൂര്‍ദ്' പത്താം വര്‍ഷത്തിലേയ്ക്ക്; ഓഗസ്റ് 17 തീര്‍ഥാടനദിനമായി ആചരിക്കും
Thursday, August 14, 2014 6:26 AM IST
വിയന്ന: ലൂര്‍ദ് മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഓസ്ട്രിയയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മരിയ ഗൂഗിംഗിലേയ്ക്ക് ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ് 17ന് (ഞായര്‍) തീര്‍ഥാടനം സംഘടിപ്പിക്കും. ഇത് തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ഐസിസിയുടെ കൂട്ടായ്മ മരിയ ഗൂഗിംഗില്‍ ഒരുമിച്ചു കൂടുന്നത്.

പത്താം നൂറ്റാണ്ട് മുതല്‍ രേഖകളില്‍ ഇടം നേടിയട്ടുള്ള ലോവേര്‍ ഓസ്ട്രിയയിലെ മനോഹരമായ ഈ കൊച്ചു താഴ്വാരം 1989 ഒക്ടോബര്‍ 30നാണ് മരിയ ഗൂഗിംഗ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഫ്രാന്‍സിലെ വിഖ്യാതമായ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയുടെ ഏതാണ്ട് ശരി പകര്‍പ്പായിട്ടാണ് വിയന്നയിലെ ഗ്രോട്ടോയും തീര്‍ത്തിരിക്കുന്നത്. 1923ല്‍ ഫാ. കാസ്പര്‍ ഹുട്ടറാണ് ഗ്രോട്ടോ സ്ഥാപിച്ചത്.

മരിയ ഗൂഗിംഗിലെ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും ഞായര്‍ വൈകുന്നേരം നാലിന് ആരംഭിക്കും. ഐസിസിയുടെ വികാരി ഡോ. ഫാ. തോമസ് താണ്ടപ്പിള്ളി മുഖ്യകാര്‍മികനായിരിക്കും. മാതാവിന്റെ രൂപം വഹിച്ചുള്ള പ്രദക്ഷിണവും ലദിഞ്ഞും ഉണ്ടായിരിക്കും. അന്നേ ദിവസം ഐസിസിയുടെ സ്റഡ്ലൌ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കില്ല.

ഐസിസി ഇടവകയുടെ ഭാരവാഹികള്‍ക്കൊപ്പം ലോക്കല്‍ കോഓര്‍ഡിനേറ്റര്‍ ജോജോ ഐക്കരയാണ് തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ വര്‍ഷങ്ങളായി നല്‍കി വരുന്നത്. ഹൈലിഗെന്‍സ്റഡ്തില്‍ നിന്നും എല്ലാ അരമണിക്കൂറും ഇടവിട്ട് 239 നമ്പര്‍ ബസ് മരിയ ഗൂഗിംഗിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോബി ആന്റണി