യൂറോപ്യന്‍ പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ ഓഗസ്റ് 13ന് തുടക്കമാകും
Wednesday, August 13, 2014 7:51 AM IST
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്ളോബല്‍ പ്രവാസി സംഗമത്തിന് ഓഗസ്റ് 13 ന് (ബുധന്‍) തുടക്കമാവും. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍, കിര്‍ഷ്ഹൈം ബില്‍ഡൂംഗ്സ് സെന്ററിലാണ് അഞ്ചുദിന പരിപാടികള്‍ നടക്കുന്നത്.

വൈകുന്നേരം ഏഴിന് ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. കലാസായാഹ്നത്തോടെ ആദ്യദിനപരിപാടികള്‍ അവസാനിക്കും.

രണ്ടാംദിവസം സംഗമത്തില്‍ പ്രവാസികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് ജിഎംഎഫ് യൂറോപ്പ് പ്രസിഡന്റ് സാജന്‍ ജോസഫ് (യുകെ) പ്രബന്ധം അവതരിപ്പിക്കും. ചര്‍ച്ചകളില്‍ യൂറോപ്പിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കും. ജിഎംഎഫ് ഓസ്ട്രിയന്‍ പ്രസിഡന്റ് ഡെന്നി കുന്നേക്കാടന്‍ സംഘടനയുടെ പ്രവര്‍ത്തന പ്രോജക്ട് അവതരിപ്പിക്കും.വൈകുന്നേരം കലാപരിപാടികളും അരങ്ങേറും.

മൂന്നാം ദിവസമായ 15 ന് (വെള്ളി) വിവിധ സെമിനാറുകള്‍ക്കു പുറമെ നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്യദിനാഘോഷത്തില്‍ ഈ വര്‍ഷത്തില്‍ വിവിധ മേഖലകള്‍ കഴിവു തെളിയിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരിക്കും.

ഡോ. ജോര്‍ജ് അരീക്കല്‍ (ജര്‍മനി, സോഷ്യല്‍ സര്‍വീസ്),

ജോഷി മാത്യു (ഇന്ത്യ, ഫിലിം), പ്രഫ.ഡോ.രാജപ്പന്‍ നായര്‍ (യുഎസ്എ, എഡ്യുക്കേഷന്‍),തോമസ് ചാക്കോ (യുഎഇ, ബിസിനസ്), സോജന്‍ ജോസഫ് (യുകെ, പ്രവാസി അത്ലറ്റിക്), ബോബി ചെമ്മണ്ണൂര്‍ (ഇന്ത്യ, ചാരിറ്റി) എന്നിവരാണ് ഇത്തവണത്തെ അവാര്‍ഡ് ജേതാക്കള്‍.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് സണ്ണി വേലൂക്കാരന്‍ (ജിഎംഎഫ് പ്രസിഡന്റ്, ജര്‍മനി) അപ്പച്ചന്‍ ചന്ദ്രത്തില്‍ (കോഓര്‍ഡിനേറ്റര്‍, ജര്‍മനി), ജിജിമോന്‍ വരിക്കാശേരി (കോ ഓര്‍ഡിനേറ്റര്‍, ജിഎംഎഫ്, യുകെ), ജോണ്‍ അടാട്ടുകാരന്‍ (കോ ഓര്‍ഡിനേറ്റര്‍, ജിഎംഎഫ,് ഓസ്ട്രേലിയ), ബെന്നി ജോസ് (കോ ഓര്‍ഡിനേറ്റര്‍, ജിഎംഎഫ,് അയര്‍ലന്‍ഡ് എന്നിവരെ കൂടാതെ ബേബി ചാലായില്‍, മേഴ്സി സണ്ണി, ജെമ്മ ഗോപുരത്തിങ്കല്‍, മറിയാമ്മ വര്‍ഗീസ്, ലില്ലി ചക്യാത്ത് തുടങ്ങിയ ജര്‍മന്‍ മലയാളികളാണ് ചുക്കാന്‍ പിടിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍