വിയന്നയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹം സംഘടിപ്പിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂളിന് ഉജ്ജ്വല തുടക്കം
Friday, August 8, 2014 7:06 AM IST
വിയന്ന: മലയാളി കുട്ടികള്‍ക്കായി സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂളിന് (വിബിഎസ്) മികച്ച പ്രതികരണം. ഓസ്ട്രിയയിലെ വിവിധ ക്രൈസ്തവ സമൂഹത്തില്‍ നിന്നും ഏകദേശം 50 കുട്ടികള്‍ ബൈബിള്‍ വര്‍ക്ഷോപ്പില്‍ പങ്കെടുക്കുന്നു.

സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ കുട്ടികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറയില്‍ ബൈബിള്‍ നല്‍കുന്ന കാഴ്ചകളും ഉള്‍കാഴ്ചകളും എത്രയധികം കുട്ടികളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരെ സഹായിക്കുമെന്ന് ഉദാഹരണങ്ങളുടെ അടിസ്ഥാനത്തില്‍ ഫാ. ജോഷി വിവരിച്ചു. ഐസിസി വിയന്നയുടെ അസി. ചാപ്ളെയിന്‍ ഫാ. ജോഷി പ്ളാതോട്ടത്തില്‍, എല്‍ദോസ് പല്‍പ്പത്ത് തുടങ്ങി പ്രമുഖ വ്യക്തികള്‍ ക്ളാസുകള്‍ നയിക്കും. സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ കീഴിലുള്ള സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഓഗസ്റ് ഒമ്പതിന് സമാപിക്കും. സെന്റ് അഫ്രേം പള്ളിയിലാണ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ക്രമീകരിച്ചിരിക്കുന്നത്.

സത്യവേദപുസ്തകപഠനത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ളാസുകളിലൂടെയും ആക്ഷന്‍ സോഗുംകളിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റും നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മൂന്നു മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളാണ് വെക്കേഷന്‍ ബൈബിള്‍ സ്കൂളില്‍ പങ്കെടുക്കുന്നത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി