കെ.എം. മാണിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിക്കുന്നു
Friday, August 8, 2014 5:07 AM IST
വിയന്ന: കേരള ധനമന്ത്രി കെ.എം. മാണിയെ 'ഏറ്റവും നല്ല ജനകീയ നേതാവ്' അവാര്‍ഡ് നല്‍കി പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിക്കുന്നു. ഓഗസ്റ് 17ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വച്ചു നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വെന്‍ഷന്റെ സമാപന സമ്മേളത്തില്‍ വച്ച് കേരള മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി, കെ.എം.മാണിക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ അവാര്‍ഡ് നല്‍കി ആദരിക്കും.

പൊതുസമ്മതനും ആദരണീയനുമായ ജനനേതാവ്, കഴിഞ്ഞ 50 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ഏക നേതാവ്, ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ജനനന്മയെ കരുതി അശരണരുടെയും ആകുലരുടെയും കണ്ണീരൊപ്പാനായി 'കാരുണ്യ ലോട്ടറി' നടപ്പിലാക്കിയ മന്ത്രി, പ്രാവാസി മലയാളികളുടെ ആവശ്യങ്ങളില്‍ എപ്പോഴും കൂടെ നില്‍ക്കുന്ന നേതാവ് എന്നീ നിലകളില്‍ അദ്ദേഹം കൈവരിച്ച മഹനീയ നേട്ടങ്ങളെ ആദരിച്ചുകൊണ്ടാണ് പ്രാവസി മലയളി ഫെഡറേഷന്‍ ഈ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്നത്.

ഏറ്റവും നല്ല ജനകീയ നേതാവിനുള്ള അവാര്‍ഡിന് അര്‍ഹമായ പ്രവര്‍ത്തനം ഇതുവരെയും കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണി അല്ലാതെ മറ്റൊരു നേതാവും കാഴ്ച വെച്ചിട്ടില്ലെന്നും, അദ്ദേഹത്തിനെ ആദരിക്കുന്നതില്‍ കൂടി പ്രവാസി മലയാളി ഫെഡറേഷന്റെ യശസ് ഉയരുകയെയുള്ളുവെന്നും സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ളോബല്‍ കണ്‍വെന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ബഷീര്‍ അമ്പലായി, ഗ്ളോബല്‍ സെക്രട്ടറി ഷിബി നരമംഗലത്ത്, ട്രഷറര്‍ പി.പി ചെറിയാന്‍ തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍