ബാര്‍ബാറ പ്രാമരുടെ സംസ്കാരം ഓഗസ്റ് ഒമ്പതിന്
Thursday, August 7, 2014 8:00 AM IST
വിയന്ന: അന്തരിച്ച പാര്‍ലമെന്റ് അധ്യക്ഷ ബാര്‍ബാറ പ്രാമറുടെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച്ച വിയന്നയില്‍ നടക്കും. ഓസ്ട്രിയന്‍ സര്‍ക്കാരും പ്രാമറുടെ കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് സംസ്കാര ശുശ്രൂഷ തീരുമാനിച്ചത്.

ബുധനാഴ്ച രാവിലെ മുതല്‍ പാര്‍ലമെന്റിന്റെ പോര്‍ട്ടിക്കോയിലെ സന്ദര്‍ശനമുറിയില്‍ രണ്ടു ബുക്കുകള്‍ സമൂഹത്തിന്റെ വൃത്യസ്ത തലങ്ങളിലുള്ളവര്‍ക്ക് അനുശോചന സന്ദേശങ്ങള്‍ എഴുതുവാ

നായി വച്ചിരുന്നു. രാവിലെ ഒമ്പതിന് ഓസ്ട്രിയന്‍ പ്രസിഡന്റ് ഹൈന്‍സ് ഫിഷര്‍ ബുക്കില്‍ തന്റെ അനുശോചന സന്ദേശം കുറിച്ചു.

രാവിലെ 10ന് മൃതദേഹം അടങ്ങിയ പേടകം പ്രധാനകവാടത്തിലുള്ള പോര്‍ട്ടിക്കോയില്‍ ദര്‍ശനത്തിനുവയ്ക്കും. പൊതു നേതാക്കള്‍ക്കും വിവിധ ലോകനേതാക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി വെള്ളിയാഴ്ച്ചയും പൊതുദര്‍ശനം തുടരും.

ശനി രാവിലെ 10.30ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ചടങ്ങില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ് ഹൈന്‍സ് ഫിഷര്‍, ചാന്‍സലര്‍ വേര്‍ണര്‍ ഫായ്മാന്‍ കൂടാതെ വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സംസാരിക്കും. സംസ്കാര ശുശ്രൂഷയോടനുബന്ധിച്ച് റിംഗിലൂടെയുള്ള ഗതാഗത നിരോധിക്കും. വിയന്ന സെന്‍ട്രല്‍ സെമിത്തേരിയിലാണ് സംസ്ക്കാരം നടക്കുന്നത്.

പ്രാമറുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ രണ്ടിന് ചേരും. എസ്പിഒ നേതാക്കളായ ജോസഫ് കാപ്, വിദ്യാഭ്യാസമന്ത്രി ഗബ്രിയേലെ ഹൈനിഷ് എന്നിവരുടെ പേരുകളാണ് പാര്‍ലമെന്റ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍